ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് വാക്ഔട്ട് നടത്തി
അന്വേഷണത്തിന്റെ തുടക്കം മുതല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്‌നാട് പോലീസ് സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ന്യൂഡല്‍ഹി: ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് വാക്ഔട്ട് നടത്തി. വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം തൃപ്തികരമല്ലെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
ഫാത്തിമ ലത്തീഫിന്റെ മരണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം ഉണ്ടാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ശൂന്യവേളയില്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. മാനസിക പീഢനവും മതപരമായ വിവേചനവുമാണ് മരണകാരണമെന്ന് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചതായും അദ്ദേഹം സഭയെ അറിയിച്ചു. ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ മരണത്തിന് കാരണക്കാരായി പ്രൊഫ. സുദര്‍ശനന്‍ പത്മനാഭന്‍ ഉള്‍പ്പെടെ നിരവധി പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. സമഗ്രമായ ഉന്നതതല അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല. കുറ്റക്കാരെ കണ്ടെത്തേണ്ട അന്വേഷണത്തോട് സഹകരിക്കേണ്ട ഐ.ഐ.ടി അധികൃതര്‍ രക്ഷിതാക്കള്‍ക്കെതിരെ, ഐ.ഐ.ടി യുടെ യശസ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന കുറ്റമാരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് വിചിത്ര അനുഭവമാണ്. ചെന്നൈ ഐ.ഐ.ടി ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ പ്രതിഷേധാര്‍ഹമാണ്.
തുടര്‍ന്ന് പ്രേമചന്ദ്രന്‍ ഉന്നയിച്ച സബ്മിഷനെ പിന്തുണച്ച് കനിമൊഴി എം.പി സംസാരിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്‌നാട് പോലീസ് സ്വീകരിച്ചതെന്ന് കനിമൊഴി എം.പി പറഞ്ഞു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും എം.പി മാരുടെ ശക്തമായ ബഹളത്തെ തുടര്‍ന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ മറുപടി പറഞ്ഞു. ഗവണ്‍മെന്റ് വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അനന്തര നടപടികള്‍ സ്വീകരിക്കും. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്നും വാക്ക് ഔട്ട് ചെയ്തു