ഫാത്തിമയുടെ ആത്മഹത്യ നോര്‍മലൈസ് ചെയ്യരുത്
ഫാത്തിമയുടെ ഷൂവിൽ കയറി നിന്നു എമ്പതൈസ് ചെയ്യാനൊന്നും പറ്റിയില്ലെങ്കിലും, ഒരു മിനിമം മര്യാദയില്ലേ ? ബാസിത്ത് മണക്കടവന്‍ എഴുതുന്നു
മദ്രാസ് ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ ഉണ്ടാക്കിയ നടുക്കം സാമൂഹികമാധ്യമങ്ങളെ വല്ലാതെ ഉലച്ചു. സ്ഥാപനവല്‍കൃത കൊലപാതകമെന്ന നിലയില്‍ അതിനെ അപലപിക്കുന്നതോടൊപ്പം കുട്ടികളെ ധീരരായി വളര്‍ത്തുന്നതിനെ കുറിച്ചുളള ചില എഴുത്തുകളും പ്രത്യക്ഷപ്പെട്ടു. അത്തരം പ്രതികരണങ്ങള്‍ ഫാത്തിമയ്ക്കുണ്ടായ ദുരന്തത്തെയും അതില്‍ ജാതിവാദികളും ന്യൂനപക്ഷവിരുദ്ധരുമായ ചിലര്‍ വഹിച്ച പങ്കിനെയും കുറച്ചുകാണുന്നുവെന്നാണ് ഈ വിഷയത്തില്‍ ഇടപെട്ട് ബാസിത്ത് മണക്കടവന്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പാണ് താഴെ
ബാസിത്ത് മണക്കടവന്‍
രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷണലൈസ്ഡ് കൊലയെ തുടർന്നുമുണ്ടായിരുന്നു മോട്ടിവേഷൻ ക്ലാസ്സുകളും, ആത്മഹത്യക്കെതിരായ ബോധവൽക്കരണങ്ങളും. "എന്തു കൊണ്ട് വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന ഈ ആത്മഹത്യാ പ്രവണത ?" എന്ന നോർമലൈസിങ് പോയന്റിലേക്ക് രോഹിതിന്റെ ശഹാദത്തിനെ തളച്ചിടാൻ സംഗതിയുടെ പോക്കെങ്ങോട്ടാണെന്നു മനസ്സിലാക്കിയ സുഹൃത്തുക്കൾ അനുവദിച്ചില്ലെന്നു മാത്രം.
ഫാത്തിമയുടെ കുറിപ്പുകളും, രക്ഷിതാക്കളുടെ സ്റ്റേറ്റ്മെന്റുകളും നേരിടുന്നതും ഇതേ വെല്ലുവിളിയാണ്. ഫാത്തിമയുടെ ചൂണ്ട് വിരൽ പിടിച്ചു മടക്കി, സാരല്ല മോളെ ഏതായാലും മരിച്ചില്ലേ ? യഥാർത്ഥ പ്രശ്നം മോള് പറഞ്ഞതൊന്നുമല്ല .. ! ഞങ്ങൾ മനസ്സിലാക്കിയതൊക്കെ വച്ച് ഇവിടെ ബാക്കിയുള്ളവരെയൊക്കെ ബോധവൽക്കരിച്ച് ആത്മഹത്യയിൽ നിന്നു രക്ഷിക്കട്ടെയെന്നൊക്കെ പറയുന്ന എന്തോരം ആളുകളാണെന്ന് നോക്കൂ.
കേരള മോഡൽ മതേതര സർവെയ്‌ലൻസിൽ നമസ്കാരം നിർവഹിക്കാൻ പ്രയാസപ്പെട്ട ഹാദിയക്ക് ഒരുപക്ഷേ തട്ടം ഊരി മാറ്റേണ്ടി വന്ന, തന്റെ പേരു പോലും ഇവിടെ പ്രകോപനമാണെന്നു തിരിച്ചറിഞ്ഞ ഫാത്തിമയെ നന്നായി മനസ്സിലാക്കാനാവും. ആ ഹാദിയയുടെ വാ മൂടി കെട്ടി, തടങ്കലിലിട്ടു, ചൂണ്ടു വിരൽ പിടിച്ചു ഒടിക്കലായിരുന്നല്ലോ കുറച്ചു കാലം മുൻപ് വരെ ഈ മലയാളക്കരയുടെ മുഖ്യ ഹോബി.
നോക്കിക്കോളൂ, ഹാദിയാ വിഷയത്തിൽ ഷെഫിനെയും, സൈനബയെയും 'വിവാഹത്തിന്റെ' പേരിൽ ഇൻഡിക്റ്റ് ചെയ്തവർ, വാളയാറിൽ ചെയ്ത പോലെ ഫാത്തിമയുടെ രക്ഷിതാക്കളുടെ 'പാരന്റിംഗിൽ' പ്രശ്നം കണ്ടെത്തും. രോഹിത് പറഞ്ഞതു തന്നെയാണുത്തരം, "ജനനം പോലും ഒരു ഫേറ്റൽ ആക്സിഡന്റാവുമ്പോൾ" ഞങ്ങളുടെ വിവാഹവും, പാരന്റിങ്ങുമൊക്കെ നിങ്ങൾക്ക് കൊല്ലാനും, ന്യായീകരിക്കാനുമുള്ള ലൈസൻസല്ലാതാവുന്നതെങ്ങനെ ? ബ്രാഹ്മണിക്ക് ഗുരുകുലങ്ങൾക്കും, വാദ്യാന്മാർക്കുമായി പറ്റുമ്പോലെയൊക്കെ ഷീൽഡൊരുക്കൂ. അതു തന്നെയാണ് നിങ്ങളുടെ ധർമം.
ഫാത്തിമ കടന്നു പോയ അവസ്ഥയെന്തെന്നു തെല്ലും മനസ്സിലാക്കാതെ ഈമാന്റെ കടുപ്പവും, വീരവാദവും വിളമ്പുന്ന മുസ്ലിം ഐഡികളും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. (ഒരെണ്ണം കമ്മന്റിലുണ്ട്).
ഫാത്തിമയുടെ ഷൂവിൽ കയറി നിന്നു എമ്പതൈസ് ചെയ്യാനൊന്നും പറ്റിയില്ലെങ്കിലും, ഒരു മിനിമം മര്യാദയില്ലേ ?