വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍

Update: 2023-01-08 11:50 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മദ്യലഹരിയില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ എയര്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തോട് എയര്‍ ഇന്ത്യ വേഗത്തില്‍ പ്രതികരിക്കേണ്ടതായിരുന്നു.

യാത്രക്കാരുടെയും കാബിന്‍ ക്രൂവിന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ ഇന്ത്യ പ്രധാന പരിഗണന നല്‍കുന്നത്. ഇതിനായി തുടര്‍ന്നും നിലകൊള്ളും. ഭാവിയില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. നടപടിക്രമങ്ങള്‍ പുനപ്പരിശോധിച്ച് മാറ്റം വരുത്തുമെന്നും ടാറ്റാ ചെയര്‍മാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ നവംബര്‍ 26നാണ് സംവം നടന്നത്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ശങ്കര്‍ മിശ്ര എന്നയാളാണ് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്.

പിന്നീട് ഇക്കാര്യം സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കരുതെന്നും അത് തന്റെ ഭാര്യയെയും കുഞ്ഞിനെയും ബാധിക്കുമെന്നും ഇയാള്‍ സഹയാത്രികയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, വിഷയത്തില്‍ ഈയാഴ്ച മാത്രമാണ് എയര്‍ ഇന്ത്യ പരാതി നല്‍കിയത്. 30 ദിവസത്തേയ്ക്ക് ശങ്കര്‍ മിശ്രയ്ക്ക് വിമാനയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലിസ് ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍. തുടരന്വേഷണത്തിന് പോലിസ് കസ്റ്റഡി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Tags:    

Similar News