ഇന്ധന ചോര്‍ച്ച; എയര്‍ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമില്‍ അടിയന്തരമായി നിലത്തിറക്കി
സ്‌റ്റോക്‌ഹോം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെവാര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ അടിയന്തരമായി നിലത്തിറക്കി. 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോയിംഗ് 777300 ഇആര്‍ വിമാനത്തിന്റെ എന്‍ജിനില്‍ ഇന്ധന ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വിമാനം അടിയന്തരമായി ഇറക്കിയതിനാല്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ വിമാനത്താവളത്തില്‍ നിലയുറപ്പിച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് എന്‍ജിന്‍ നിര്‍ത്തി. പിന്നീട് വിമാനം സുരക്ഷിതമായി സ്‌റ്റോക്ക്‌ഹോമില്‍ ഇറക്കിയതായി മുതിര്‍ന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗ്രൗണ്ട് പരിശോധനയ്ക്കിടെ, എന്‍ജിന്‍ രണ്ടിന്റെ ഡ്രെയിന്‍ മാസ്റ്റില്‍ നിന്ന് എണ്ണ പുറത്തേക്ക് വരുന്നതായി കാണപ്പെട്ടു. പരിശോധന പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.