യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ എക്‌സിലൂടെ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 01169329333, 01169329999 എന്നീ നമ്പറുകളില്‍ വിളിക്കുകയോ തങ്ങളുടെ വെബ്‌സൈറ്റായ airindia.com സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും കമ്പനി അറിയിച്ചു. ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിനു വഴിവച്ചചത്. ഇതിനു തിരിച്ചടിയെന്നോണം ഇറാന്‍ മുന്നൂറോളം ഡ്രോണ്‍, മിസൈലുകള്‍ ഇസ്രായേലിലേക്കയച്ചു. ഇന്നലെ രാത്രി ഇറാന്‍ നഗരത്തിലും ഇസ്രായേല്‍ ആക്രണം നടത്തിയിരുന്നു.