താലിബാന്‍ അധികാരമേറ്റ ശേഷവും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് വനിതാ അവതാരകര്‍
താലിബാന്‍ കാബൂളില്‍ പ്രവേശിക്കുകയും അധികാരമേറ്റെടുക്കുകയും ചെയ്തതിനു ശേഷം ചൊവ്വാഴ്ച അഫ്ഗാനിലെ വനിതാ ടെലിവിഷന്‍ അവതാരകരും വാര്‍ത്താ അവതാരകരും ടോളോ ന്യൂസ് ഉള്‍പ്പെടെയുള്ള പ്രമുഖ ടിവി ചാനലുകളില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കാബൂള്‍: താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ വനിതാ അവതാരകരുമായി സംപ്രേഷണം തുടര്‍ന്ന് അഫ്ഗാന്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍. താലിബാന്‍ കാബൂളില്‍ പ്രവേശിക്കുകയും അധികാരമേറ്റെടുക്കുകയും ചെയ്തതിനു ശേഷം ചൊവ്വാഴ്ച അഫ്ഗാനിലെ വനിതാ ടെലിവിഷന്‍ അവതാരകരും വാര്‍ത്താ അവതാരകരും ടോളോ ന്യൂസ് ഉള്‍പ്പെടെയുള്ള പ്രമുഖ ടിവി ചാനലുകളില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
സ്ത്രീകള്‍ വാര്‍ത്തകള്‍ വായിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ടോളോ ന്യൂസിന്റെ സ്റ്റുഡിയോയില്‍ വനിതാ അവതാരക താലിബാന്‍ മീഡിയ ടീം അംഗവുമായി അഭിമുഖം നടത്തുന്ന ദൃശ്യങ്ങള്‍ ടോളോ ന്യൂസ് മേധാവി മിറാഖ പോപ്പല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവച്ചിരുന്നു.
Our female presenter is interviewing a Taliban media team member live in our studio @TOLOnews #Afghanistan pic.twitter.com/G6qq1KWKOH
— Miraqa Popal (@MiraqaPopal) August 17, 2021
താലിബാന് കീഴിലുള്ള റേഡിയോ സ്‌റ്റേഷനായ 'ശരീഅത്ത് സാഗ്' എന്ന ശരീഅത്ത് വോയ്‌സിലെ ജീവനക്കാരനെയാണ് ചൊവ്വാഴ്ച രാവിലെ ടോളോ ന്യൂസില്‍ സംപ്രേഷണം ചെയ്ത 'നിമാ റോസ്' എന്ന പരിപാടിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയായ ബെഹെസ്തി അര്‍ഗന്ദ് അഭിമുഖം നടത്തിയത്. ഇക്കാര്യം ബിബിസിയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
'തങ്ങളുടെ സഹോദരിമാര്‍ക്കും സ്ത്രീകള്‍ക്കും എല്ലാ അവകാശവുമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് മേഖലകള്‍. അവര്‍ തങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നു. സ്ത്രീകള്‍ക്കെതിരേ ഒരു വിവേചനവും ഉണ്ടാകില്ല'. അധികാരമേറ്റെടുത്ത ശേഷം കാബൂളില്‍ താലിബാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പിന്റെ വക്താവ് സബീഉല്ല മുജാഹിദ് വ്യക്തമാക്കിയിരുന്നു.
താലിബാന്‍ ഉദ്യോഗസ്ഥനായ അബ്ദുല്‍ ഹമീദ് ഹമാസി കാബൂളിലെ ഒരു ആശുപത്രി സന്ദര്‍ശിക്കുകയും അവരുടെ ജോലിയില്‍ ഒരു ദോഷവും ഉണ്ടാകില്ലെന്ന് വനിതാ ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്..
Taliban official Abdul Hamid Hamasi visited a hospital in Kabul and assured the female doctors to continue their work and said that they will not be harmed. This video from the meeting was circulated by TB accounts. #Afghanistan pic.twitter.com/KxLa8bmQrS
— FJ (@Natsecjeff) August 16, 2021
താലിബാന്‍ സ്ത്രീകളോട് അവരുടെ സര്‍ക്കാരില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'ഇസ്ലാമിക് എമിറേറ്റ് സ്ത്രീകള്‍ ഇരകളാകാന്‍ ആഗ്രഹിക്കുന്നില്ല,' താലിബാന്‍ സാംസ്‌കാരിക കമ്മീഷന്‍ അംഗം എനാമുല്ല സമംഗാനി ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.