സംസ്ഥാനത്ത് പനി പടരുന്നു; ഒരുമാസത്തിനിടെ ചികില്‍സ തേടിയത് ഒരുലക്ഷത്തിനടുത്ത് രോഗികള്‍, ആശങ്ക വിതച്ച് ഡെങ്കിയും എലിപ്പനിയും

Update: 2022-07-08 07:01 GMT

കോഴിക്കോട്: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരുമാസത്തിനിടെ വിവിധ ജില്ലകളിലായി പനി ബാധിച്ച് ചികില്‍സ തേടിയത് ഒരുലക്ഷത്തിനടുത്ത് രോഗികളാണ്. 96,799 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടി. അതേസമയം, സ്വകാര്യാശുപത്രികളില്‍ ചികില്‍സ തേടിയവരുടെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ കണക്ക് ഇരട്ടിയോളം വരും.

കാലവര്‍ഷം ശക്തിപ്പെട്ടതോടെയാണ് പനി ബാധിതരുടെയും ജലജന്യ രോഗികളുടെയും എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഓരോ ദിവസവും 15,000 രോഗികളാണ് ചികില്‍സയ്‌ക്കെത്തുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുമാസത്തിനിടെ പനി ബാധിച്ച് ഒരു മരണം മാത്രമാണ് സര്‍ക്കാര്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അത് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്.

വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 14,559 പേരാണ് പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. ഇതില്‍ 78 പേരെ അഡ്മിറ്റ് ചെയ്തു. അതേസമയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളില്‍ പനി ബാധിതരുടെ എണ്ണത്തില്‍ അല്‍പം കുറവുണ്ട്. വിവിധ ജില്ലകളിലെ വ്യാഴാഴ്ച ചികില്‍സ തേടിയെത്തിയവരുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരം (1083), കൊല്ലം (607), പത്തനംതിട്ട (231), ഇടുക്കി (429), കോട്ടയം (1021), ആലപ്പുഴ (918), എറണാകുളം (1156), തൃശൂര്‍ (801), പാലക്കാട് (971), മലപ്പുറം (2450), കോഴിക്കോട് (2138), വയനാട് (800), കണ്ണൂര്‍ (1120), കാസര്‍കോട് (834).

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ പകര്‍ച്ചപ്പനിയും കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതിനിടയിലാണ് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതല്‍ ഭീതിപരത്തുന്നത്. ഒരുമാസത്തിനിടെ 41 പേര്‍ക്ക് എലിപ്പനിയും 167 പേര്‍ക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. ഡെങ്കി സംശയത്തിന്റെ പേരില്‍ 682 പേരും എലിപ്പനി സംശയിച്ച് 75 പേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഡെങ്കി പിടിപെട്ട് ഒരുമരണവും റിപോര്‍ട്ട് ചെയ്തു. മഞ്ഞപ്പിത്തവും കോളറയും ചിക്കന്‍പോക്‌സും വ്യാപിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. 39 പേര്‍ക്ക് ഒരുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു.

11,355 പേര്‍ വയറിളക്ക രോഗം ബാധിച്ചും ഇക്കാലയളവില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ആറുമാസത്തിനിടെ 13.66 ലക്ഷം പേര്‍ക്കാണ് പകര്‍ച്ചപ്പനി പിടിപെട്ടത്. ആറ് മരണവും റിപോര്‍ട്ട് ചെയ്തു. 1692 പേര്‍ക്ക് ഡെങ്കി ബാധിച്ചപ്പോള്‍ 13 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2.37 ലക്ഷം പേരാണ് വയറിളക്ക രോഗം പിടിപെട്ട് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ എച്ച്1 എന്‍1 പനിയും സ്‌ക്രബ് ടൈഫസും തക്കാളിപ്പനിയും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്‌കൂള്‍ കുട്ടികളിലും പനി ബാധിതരുടെ എണ്ണം ഏറുകയാണ്. പല സ്‌കൂളുകളിലും കുട്ടികളുടെ ഹാജര്‍ നിലയില്‍ കുറവുണ്ടായിട്ടുണ്ട്. എറണാകുളത്ത് 2600 കുട്ടികള്‍ പഠിക്കുന്ന സ്വകാര്യസ്‌കൂളില്‍അടുത്തിടെ പനി ബാധിച്ച് വരാതിരുന്നത് 120 ഓളം പേരാണ്. പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും മാറാത്തതിനാല്‍ നാലോ അഞ്ചോ ദിവസം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. പനി പൂര്‍ണമായും മാറാതെ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിര്‍ദേശിക്കുന്നത്.

Tags:    

Similar News