ഹിന്ദു-മുസ്‌ലിം പ്രണയം പറയുന്ന സിനിമ ഷൂട്ടിങ് സംഘ്പരിവാര്‍ തടഞ്ഞു
ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചു. ഹിന്ദു മുസ്‌ലിം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞു.
പാലക്കാട്: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സിനെതിരേ 'ലൗ ജിഹാദ്' ആരോപണവുമായി രംഗത്തെത്തിയ സംഘപരിവാര്‍ സമാനമായ ആക്രമണവുമായി വീണ്ടും രംഗത്തെത്തി. ഇത്തവണ ഹിന്ദു-മുസ് ലിം പ്രണയം പറയുന്ന സിനിമക്കെതിരേയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം.
കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചീത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചു. ഹിന്ദു മുസ്‌ലിം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞു.
ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ സിനിമയുടെ കഥ പറയണമെന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവ സ്ഥലത്ത് പോലിസ് എത്തിയിട്ടുണ്ട്. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.