ലൈംഗിക പീഡന പരാതി: സംവിധായകന്‍ അനുരാഗ് കശ്യപിനെ മുംബൈ പോലിസ് ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച വെറസോവ പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പോലിസ് നോട്ടിസ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് അനുരാഗ് കശ്യപ് രാവിലെ സ്റ്റേഷനിലെത്തിയത്. തന്റെ അഭിഭാഷക പ്രിയങ്ക ഖിമാനിക്കൊപ്പമാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്.

Update: 2020-10-01 05:57 GMT

മുംബൈ: ലൈംഗികപീഡന പരാതിയില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെ മുംബൈ പോലിസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച വെറസോവ പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പോലിസ് നോട്ടിസ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് അനുരാഗ് കശ്യപ് രാവിലെ സ്റ്റേഷനിലെത്തിയത്. തന്റെ അഭിഭാഷക പ്രിയങ്ക ഖിമാനിക്കൊപ്പമാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്.

ബലാത്സംഗ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരിയായ നടി കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയ്‌ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത്‌സിങ് കോഷാരിയെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അനുരാഗിനെ പോലിസ് വിളിപ്പിച്ചത്.

കശ്യപിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള ആര്‍പിഐ പാര്‍ട്ടിയുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയ കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയ്‌ക്കൊപ്പം രാജ്ഭവനിലെത്തിയ നടി ശക്തമായ നടപടി തേടി നിവേദനം കൈമാറിയിരുന്നു.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി വിഷയം സംസാരിക്കാമെന്നു ഗവര്‍ണര്‍ അറിയിച്ചതായും അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം അഠാവ്‌ലെ പറഞ്ഞിരുന്നു. അനുരാഗിന്റെ അറസ്റ്റ് നീളുന്നത് ചോദ്യം ചെയ്ത നടി നടപടിയുണ്ടായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും മുംബൈ പൊലീസ് ജോയിന്റ് കമ്മിഷണര്‍ വിശ്വാസ് നന്‍ഗാരെ പാട്ടീലിനെ സമീപിച്ച് നടിക്കു സുരക്ഷ ആവശ്യപ്പെട്ടിരുന്നു.

നടിയുടെ ജീവനു ഭീഷണിയുണ്ടെന്നും വൈ പ്ലസ് കാറ്റഗറി സുരക്ഷ വേണമെന്നും അഠാവ്‌ലെ ആവശ്യപ്പെട്ടു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം മുംബൈ പോലിസിനായിരിക്കുമെന്നും എംപി പറഞ്ഞു. ആര്‍പിഐ പാര്‍ട്ടി നടിക്കു സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അനുരാഗ് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന നടിയുടെ ട്വീറ്റ് പുറത്തുവന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം മുംബൈയിലെ വെര്‍സേവ പോലിസ് സ്‌റ്റേഷനിലെത്തി നടി പരാതി നല്‍കിയത്. കശ്യപിനെതിരേ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് നടി ട്വീറ്റ് ചെയ്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കശ്യപ് പ്രതികരിച്ചത്. കശ്യപിന് പിന്തുണയുമായി കുടുംബവും നിരവധി നടിമാരും രംഗത്തു വന്നിരുന്നു.

Tags:    

Similar News