കൊല്‍ക്കത്ത: കൊവിഡ് വര്‍ധനവിനിടെ പശ്ചിമബംഗാളിലെ എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. മാല്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ഭും, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 35 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. മാല്‍ഡയില്‍ ആറ് സീറ്റുകളും മുര്‍ഷിദാബാദിലും ബിര്‍ഭുമിലും 11 വീതവും കൊല്‍ക്കത്തയില്‍ ഏഴ് സീറ്റുകളിലുമാണ് വോട്ടെടുപ്പ്. ആകെ 11,860 പോളിങ് കേന്ദ്രങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കു. 283 സ്ഥാനാര്‍ത്ഥികളില്‍ 35 പേര്‍ സ്ത്രീകളാണ്.
ശശി പഞ്ജി, സാധന്‍ പാണ്ഡെ എന്നീ രണ്ട് മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. അക്രമസാധ്യത നിലനില്‍ക്കുന്ന ബിര്‍ഭും ജില്ലയിലേക്കാണ് എല്ലാ കണ്ണുകളും. കൊവിഡിന് കേസുകള്‍ ബംഗാളിലും രൂക്ഷമാണ്. ഒരു സ്ഥാനാര്‍ത്ഥി രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. മാള്‍ഡയിലെ ബൈസാബ് നഗറിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മരിച്ചത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മരിച്ചാല്‍ മാത്രമേ പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിയൂ എന്നതിനാല്‍ ഈ മണ്ഡലത്തിലും ഇന്ന് നിയമപ്രകാരം വോട്ടെടുപ്പ് നടക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ഇംഗ്ലീഷ് ബസാറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരുപ്പ മിത്ര ചൗധരിയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹയുടെ ഭാര്യ നന്ദിത സിന്‍ഹ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ കൊലപാതക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബംഗാളില്‍ 17,207 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതില്‍ 3,821 കേസുകള്‍ കൊല്‍ക്കത്തയിലാണ്. 77 പേരാണ് മരണപ്പെട്ടത്. 2019 ല്‍ ലോക്‌സഭാ സീറ്റുകളില്‍ ബിജെപി വലിയ നേട്ടം കൈവരിച്ച മേഖലയാണിത്. 2016 ലെ ഒരു സീറ്റില്‍ നിന്ന് 11 നിയമസഭാ വിഭാഗങ്ങളില്‍ ബിജെപി മുന്നിലെത്തി. വോട്ട് വിഹിതം 11.5 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി ഉയര്‍ന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 2016 ല്‍ 17 സീറ്റുകളും 2019 ല്‍ 19 സ്ഥലത്തും മുന്നിലായിരുന്നു. മെയ് 2നാണ് വോട്ടെണ്ണല്‍.
Final Phase Of Bengal Polls Today As Covid Cases Hit Record High