എംപിമാരുടെ സ്വത്ത് വര്‍ധനവ്: മുന്നില്‍ ഇ ടി മുഹമ്മദ് ബഷീര്‍ -2081 ശതമാനം
ഏതാനും ചില എംപിമാരുടെ സ്വത്ത് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്ന് തവണ കാസര്‍കോഡ് എംപിയായിരുന്ന പി കരുണാകരന്റേതാണ്.
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ സ്വത്ത് വര്‍ധനവില്‍ ഒന്നാംസ്ഥാനത്ത് പൊന്നാനി എംപിയായ ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട 153 ലോക്‌സഭാ എംപിമാരുടെ കണക്കുകള്‍ പരിശോധിച്ച നാഷനല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തുള്ള മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ സ്വത്ത് 2081 ശതമാനാണ് വര്‍ധിച്ചത്. 2009 ല്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ 6,05,855 രൂപയായിരുന്നത് 2014 ല്‍ 1,32,16,259 രൂപയായി ഉയര്‍ന്നു. ഏകദേശം 22 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. രണ്ടാംസ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ശിശിര്‍ കുമാര്‍ അധികാരിയുടെ സ്വത്ത് 1,700 ശതമാനമാണ് വര്‍ധിച്ചത്(2009-10,83,159 രൂപയായിരുന്നത് 2014ല്‍ 1,94,98,381 രൂപയായി). എഐഎഡിഎംകെ എംപി പി വേണുഗോപാലിന്റെ 1281 ശതമാനവും വര്‍ധിച്ചു.
കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് വര്‍ധിച്ചതും മലയാളിയായ കൊടിക്കുന്നില്‍ സുരേഷിന്റേതാണ്. 16,52,747 രൂപയായിരുന്നത് 1,32,51,330 ആയി വര്‍ധിച്ചു. 702 ശതമാനം വര്‍ധനവ്. ബിജെപിയുടെ ഡോ. രാംശങ്കര്‍ കഠേരിയയാണ് മുന്നില്‍. 15,11,000 രൂപയില്‍ നിന്ന് 1,46,34,885 ആയി വര്‍ധിച്ചു(869 ശതമാനം).
അതേസമയം, ഏതാനും ചില എംപിമാരുടെ സ്വത്ത് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്ന് തവണ കാസര്‍കോഡ് എംപിയായിരുന്ന പി കരുണാകരന്റേതാണ്. സിപിഎം നേതാവായ ഇദ്ദേഹത്തിന്റെ സ്വത്തില്‍ 67 ശതമാനം കുറവാണ് ഉണ്ടായത്. കുറഞ്ഞവരുടെ പട്ടികയില്‍ എറണാകുളം സിറ്റിങ് എംപി കെ വി തോമസും ഇടംപിടിച്ചിട്ടുണ്ട്. 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.