കൃഷ്ണപ്രിയയെ കുത്താന്‍ നന്ദുകുമാര്‍ ഉപയോഗിച്ച കത്രികയുടെ ഭാഗം കണ്ടെടുത്തു; കേസ് പോലിസ് അവസാനിപ്പിച്ചു
പയ്യോളി സിഐ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നന്ദുവിന്റെ വീട്ടില്‍ നിന്ന് റെയ്ഡ് നടത്തിയാണ് കത്രികയുടെ പകുതി ഭാഗം കണ്ടെത്തിയത്. നന്ദു പെട്രോള്‍ ഒഴിക്കുന്നതിന് മുമ്പ് തന്നെ കുത്തിയിരുന്നതായി കൃഷ്ണപ്രിയ മരണമൊഴിയില്‍ പോലിസിനോട് പറഞ്ഞിരുന്നു
പയ്യോളി: തിക്കോടിയില്‍ കൃഷ്ണപ്രിയയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊല്ലുന്നതിന് മുമ്പ് നന്ദുകുമാര്‍ കുത്താന്‍ ഉപയോഗിച്ച കത്രികയുടെ പകുതി ഭാഗം പോലിസ് കണ്ടെടുത്തു. പയ്യോളി സിഐ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നന്ദുവിന്റെ വീട്ടില്‍ നിന്ന് റെയ്ഡ് നടത്തിയാണ് കത്രികയുടെ പകുതി ഭാഗം കണ്ടെത്തിയത്. നന്ദു പെട്രോള്‍ ഒഴിക്കുന്നതിന് മുമ്പ് തന്നെ കുത്തിയിരുന്നതായി കൃഷ്ണപ്രിയ മരണമൊഴിയില്‍ പോലിസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയായ കാട്ടുവയല്‍ കൃഷ്ണപ്രിയയെ നന്ദുകുമാര്‍ കുത്തിയ ശേഷം പെട്രൊള്‍ ഒഴിച്ച് തീവെച്ചത്. കത്രികയുടെ കുത്താന്‍ ഉപയോഗിച്ച ഭാഗം സംഭവസ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. ബാക്കി ഭാഗമാണ് നന്ദുവിന്റെ വീട്ടില്‍ നിന്നും പോലിസ് കണ്ടെടുത്തത്.
ആക്രമണത്തിന് ശേഷം നന്ദുകുമാറും സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയരുന്നു. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. ഈ കേസിലെ പ്രതി നന്ദുകുമാര്‍ മരിച്ചതിനാല്‍ പോലിസ് കേസ് അവസാനിപ്പിച്ചു. എന്നാല്‍ സംഭവ ദിവസം നന്ദുവിന് ഫോണ്‍ കോള്‍ വന്ന സംഭവം പോലിസ് അന്വേഷിക്കുമെന്ന് സിഐകെസി സുഭാഷ് ബാബു പറഞ്ഞു.