മുംബൈ: ഹിന്ദുത്വ രാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് താലിബാന് സമാനമാണെന്ന പരാമര്‍ശം നടത്തിയ ഗാനരചയിതാവ് ജാവേദ് ആക്തറിനെതിരേ മുംബൈ മുലുന്ദ് പോലിസ് കേസെടുത്തു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ അഭിഭാഷകന്‍ സന്തോഷ് ദുബേയുടെ പരാതിയില്‍ മുലുന്ദ് പോലിസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 500ാം വകുപ്പ്(മാനനഷ്ടം) പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.
വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി തെറ്റായ കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് പരാതി. പരാതിക്ക് മുമ്പ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജാവേദ് അക്തറിന് നോട്ടിസ് അയച്ചിരുന്നു. ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താലിബാനുമായി ആര്‍എസ്എസിനെ ജാവേദ് അക്തര്‍ താരതമ്യപ്പെടുത്തിയിരുന്നു. ഇസ് ലാമിക രാജ്യത്തിനായി ശ്രമിക്കുന്ന താലിബാന്‍ ഹിന്ദു രാജ്യം നിര്‍മിക്കാനായി ശ്രമിക്കുന്ന ഇന്ത്യയിലെ വലതുപക്ഷത്തിന് സമാനമാണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമര്‍ശം. ജാവേദ് അക്തര്‍ ആര്‍എസ്എസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നും പരാതിക്കാരന്‍ നോട്ടിസില്‍ വ്യക്തമാക്കി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ ജാവേദ് അക്തര്‍ മാപ്പ് പറയണമെന്നാണ് താന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലിസിനെ സമീപിച്ചതെന്നും പരാതിക്കാരന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.