അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസിന് ഹൈക്കോടതി സ്‌റ്റേ
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനിച്ചെന്ന് ആരോപിച്ച് മുസ് ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരേയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസാണ് സ്‌റ്റേ ചെയ്തത്. നേരത്തേ പ്ലസ് ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐര്‍ആര്‍ റദ്ദാക്കിയിരുന്നു. പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം ആര്‍ ഹരീഷിന്റെ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താനും ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്താനായാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പ്പെടെ നിര്‍മിച്ചെന്നായിരുന്നു പരാതി. ഇത് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഷാജിയുടെ വസതിയിലും മറ്റും പരിശോധന നടത്തുകയും പണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന എല്ലാ തരത്തിലുള്ള നിയമനടപടികളും അവസാനിപ്പിക്കണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു. തന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ നടപടിയാകാത്തതും കെ എം ഷാജി കോടതിയില്‍ ചൂണ്ടിക്കാട്ടി. നോട്ടീസ് നല്‍കാതെ പല തവണ വിളിച്ചു വരുത്തി എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.