പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ചു; യാസിര്‍ ഷായ്‌ക്കെതിരേ എഫ്‌ഐആര്‍
സഹായത്തിനായി യാസിറിനെ വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ടപ്പോള്‍ താരം ഇക്കാര്യം ചിരിച്ചുതള്ളുകയായിരുന്നുവെന്നും സംഭവം പുറത്തുപറയാതിരിക്കാനായി ഫഌറ്റും മാസം തോറും തനിക്ക് ചെലവിനുള്ള പണവും തരാമെന്ന് യാസിര്‍ പറഞ്ഞതായും പെണ്‍കുട്ടി ആരോപിക്കുന്നു.
ലാഹോര്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ച കുറ്റത്തിന് പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായ്‌ക്കെതിരേ പോലിസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഷാലിമാര്‍ പോലിസാണ് താരത്തിനെതിരേ കേസെടുത്തിരിക്കുന്നത്. യാസിര്‍ ഷായ്ക്കും സുഹൃത്ത് ഫര്‍ഹാനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
യാസിറിന്റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയും ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. യാസിര്‍ ഇക്കാര്യത്തില്‍ ഫര്‍ഹാനെ സഹായിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
സഹായത്തിനായി യാസിറിനെ വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ടപ്പോള്‍ താരം ഇക്കാര്യം ചിരിച്ചുതള്ളുകയായിരുന്നുവെന്നും സംഭവം പുറത്തുപറയാതെ മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പോലിസില്‍ പരാതിപ്പെട്ടപ്പോള്‍ സംഭവം പുറത്തുപറയാതിരിക്കാനായി ഫ്‌ളാറ്റും മാസം തോറും തനിക്ക് ചെലവിനുള്ള പണവും തരാമെന്ന് യാസിര്‍ പറഞ്ഞതായും പെണ്‍കുട്ടി ആരോപിക്കുന്നു.