കലാപത്തിന് കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ പുതിയ എഫ്‌ഐആര്‍
കലാപത്തിനു കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലോധി കോളനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട ഫീസ് വര്‍ധനവിനെതിരേ തെരുവിലിറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കലാപത്തിനു കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലോധി കോളനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയും നിരവധി യൂനിയന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് പോലിസ് നടപടി. തങ്ങള്‍ക്കെതിരായ ലാത്തിചാര്‍ജ് അങ്ങേയറ്റം ഹീനമാണെന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ആയേഷി ഘോഷ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.വനിതാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥിനികളെ പുരുഷ പോലിസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയായിരുന്നു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.സമരത്തില്‍ പങ്കെടുത്തുവര്‍ക്ക് എതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ വഴി നോട്ടീസ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു രൂപ പോലും വിദ്യാര്‍ത്ഥികള്‍ പിഴയടക്കില്ലെന്നും ആയേഷി ഘോഷ് പറഞ്ഞു.
മാനവ വിഭവശേഷി വകുപ്പ് നിയോഗിച്ച സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍വകലാശാല രജിസ്ട്രാര്‍ വിസ്സമ്മതിക്കുകയാണെന്നും വിദ്യാര്‍ഥി യൂനിയന്‍ ആരോപിച്ചു. ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.