റൊമാനിയയിലെ കൊവിഡ് ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; 10 മരണം

Update: 2020-11-15 04:14 GMT
ബുച്ചറെസ്റ്റ്: കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന റൊമാനിയന്‍ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കുകിഴക്കന്‍ റൊമാനിയയിലെ പിയത്ര നീംറ്റ് റീജ്യനല്‍ എമര്‍ജന്‍സി ഹോസ്പിറ്റലിലാണ് തീപ്പിടിത്തമുണ്ടായതെന്ന് റൊമാനിയന്‍ അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. പിയട്രാ നീംറ്റ് പബ്ലിക് ഹോസ്പിറ്റലിലെ കൊവിഡ് രോഗികള്‍ക്കായുള്ള തീവ്രപരിചരണ വാര്‍ഡിലാണ് തീ പടര്‍ന്നതെന്ന് പ്രാദേശിക എമര്‍ജന്‍സി വിഭാഗം ഇന്‍സ്‌പെക്ടറേറ്റ് വക്താവ് ഐറിന പോപ പറഞ്ഞു.

    ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ആരോഗ്യമന്ത്രി നെലു ടാറ്റാരു മാധ്യമങ്ങളോട് പറഞ്ഞു. നരഹത്യയ്ക്ക് സാധ്യതയുള്ള കേസായി അന്വേഷിക്കുമെന്ന് റൊമാനിയന്‍ ദേശീയ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

    റൊമാനിയന്‍ തലസ്ഥാനമായ ബുച്ചാറസ്റ്റിലെ ഒരു ഭൂഗര്‍ഭ നിശാ ക്ലബില്‍ 64 പേര്‍ കൊല്ലപ്പെട്ട 2015 ലെ തീപ്പിടിത്തത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പ്രോസിക്യൂട്ടറെ പുതിയ അന്വേഷണത്തിന് നിയോഗിച്ചു. നിശാക്ലബിലെ തീപ്പിടിത്തം വന്‍ പ്രതിഷേധത്തിന് കാരണമാവും സര്‍ക്കാറിനെ താഴെയിടുകയും ചെയ്തിരുന്നു. പിഎസ്ഡി എന്നറിയപ്പെടുന്ന ഇടതുപക്ഷ ചായ്വുള്ള സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയാണ് അക്കാലത്ത് സര്‍ക്കാരിനെ നയിച്ചത്. ഡിസംബര്‍ 6ന് നടക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാമെന്നാണ് പിഎസ്ഡി പ്രതീക്ഷിക്കുന്നത്.

    കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ റൊമാനിയയിലെ ന്യൂനപക്ഷ സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന സെന്റര്‍-റൈറ്റ് നാഷനല്‍ ലിബറല്‍ പാര്‍ട്ടി അഥവാ എന്‍എല്‍പിക്കെതിരേ തീപ്പിടിത്തം പ്രചാരണായുധമാക്കുമെന്ന് ഉറപ്പാണ്. റൊമാനിയന്‍ തലസ്ഥാനമായ ബുച്ചാറസ്റ്റിന് വടക്ക് 353 കിലോമീറ്റര്‍ (219 മൈല്‍) അകലെയാണ് പിയത്ര നീംറ്റ്.

Fire at Romania Covid hospital's ICU ward kills 10 patients

Tags:    

Similar News