വന്നത് ഹവാല പണമാണെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് സംഖ്യ സര്‍ക്കാര്‍ കണ്ടുകെട്ടണം: ഫിറോസ് കുന്നുംപറമ്പില്‍

ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ഥിച്ച് തളിപ്പറമ്പ് സ്വദേശിനി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷക്ക് 1.35 കോടി രൂപയോളം സംഭാവനയായി ലഭിക്കുകയും ചെയ്തു.

Update: 2020-07-18 10:15 GMT

കോഴിക്കോട്: ചികിത്സയുമായി ബന്ധപ്പെട്ട് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍. വര്‍ഷയുടെ അക്കൗണ്ടില്‍ എത്തിയത് ഹവാല പണമാണെങ്കില്‍ അക്കൗണ്ട് മരവിപ്പിച്ച് പണം സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Full View

'വര്‍ഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടില്‍ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടു കെട്ടുകയും ചെയ്യണം.

ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കില്‍ ആ പണം എത്രയും പെട്ടന്ന് സര്‍ക്കാര്‍ തിരിച്ച് പിടിക്കണം.

ഹവാല ക്കാരും ചാരിറ്റിക്കാരും വര്‍ഷയും തമ്മില്‍ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വര്‍ഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കില്‍ ഈ ഇടപാടില്‍ വര്‍ഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ട് അവരെയും പ്രതിചേര്‍ത്ത് കേസ് എടുക്കണം'. ഇതായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പോലിസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തിയതായി വര്‍ഷ ഫേസ്ബുക്കില്‍ ലൈവില്‍ പറഞ്ഞിരുന്നു.

ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ഥിച്ച് തളിപ്പറമ്പ് സ്വദേശിനി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷക്ക് സഹായവുമായി തൃശൂര്‍ കേച്ചേരി സ്വദേശി സാജന്‍ വരികയും 1.35 കോടി രൂപയോളം സംഭാവനയായി ലഭിക്കുകയും ചെയ്തു. ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ സഹായാഭ്യര്‍ഥന ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. പിന്നീട് ലഭിച്ച പണത്തിന്റെ പേരില്‍ സാജന്‍ കേച്ചേരി ഉള്‍പ്പടെ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു. പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡിസിപി ജി പൂങ്കുഴലി ഐപിഎസ് പറഞ്ഞിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി ഡിസിപി ജി പൂങ്കുഴലി അന്വേഷണത്തിന് നിര്‍ദേശിച്ചു. അസി. കമീഷണര്‍ മേല്‍നോട്ടം വഹിക്കുന്ന കേസില്‍ എസ്‌ഐ ലിജോ ജോസഫ് എത്തി വര്‍ഷയുടെ മൊഴി രേഖപ്പെടുത്തി. 

Tags:    

Similar News