മുത്തലാഖില്‍ പേരിലുള്ള ആദ്യ കേസ് യുപിയില്‍; സ്ത്രീധനത്തിന്റെ പേരില്‍ മൊഴി ചൊല്ലിയ യുവാവിനെതിരെ കേസെടുത്തു
യുവതിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇക്രം എന്നയാള്‍ക്കെതിരേ പോലിസ് കേസെടുത്തത്.
മഥുര: മുത്തലാഖ് ചൊല്ലിയതിന് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പോലിസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കാണ്ടുള്ള ബില്‍ നിയമമായതിനു ശേഷമുള്ള ആദ്യ കേസാണിത്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇക്രം എന്നയാള്‍ക്കെതിരേ പോലിസ് കേസെടുത്തത്.
രണ്ടുവര്‍ഷം മുമ്പാണ് ഹരിയാനയിലെ നുഹ് ജില്ലയില്‍നിന്നുള്ള ഇക്രം, മഥുരയിലെ കോസി കാലന്‍ ടൗണിലെ കൃഷ്ണ നഗര്‍ പ്രദേശ് നിന്നുള്ള ജുമിറത്തിനെ വിവാഹം ചെയ്തത്. തുടര്‍ന്ന്, ഒരു ലക്ഷം രൂപ ജുമിറത്തിന്റെ രക്ഷിതാക്കളില്‍നിന്ന് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം പീഡനം ഏല്‍ക്കേണ്ടി വന്നതോടെ യുവതി മാതൃഭവനത്തിലേക്ക് തിരികെ എത്തുകയും പോലിസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് മഹിളാ താന വനിതാ പോലിസ് സ്‌റ്റേഷനിലേക്ക് ദമ്പതികളെ സബ് ഇന്‍സ്‌പെക്ടര്‍ രുചി ത്യാഗി വിളിച്ചു വരുത്തി. നിരവധി കൗണ്‍സിലിങ്ങുകള്‍ക്ക് ശേഷം ഇരുവരും ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തു.
ജൂലൈ 30ന് പോലിസ് ഇരുവരെയും വീണ്ടും വിളിച്ചു വരുത്തി തുടര്‍ കൗണ്‍സിലിങും നല്‍കി. എന്നാല്‍, പോലിസ് സ്‌റ്റേഷനില്‍ നിന്ന് ദമ്പതികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീധനം മുഴുവനായി തന്നു തീര്‍ക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഭാര്യയുടെ മാതാവ് അറിയിച്ചതോടെ ക്ഷുഭിതനായ ഇക്രം ഭാര്യയെ മുത്തലാഖിലൂടെ മൊഴി ചൊല്ലുകയായിരുന്നു. തുടര്‍ന്ന്, ഭാര്യയുടെ മാതാവിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പുതിയ നിയമപ്രകാരം കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവ് പ്രതിക്ക് ലഭിക്കും