അയര്‍ലന്റിലും കുരങ്ങുപനി സ്ഥിരീകരിച്ചു

Update: 2022-05-28 17:15 GMT

ഡൂബ്ലിന്‍: അയര്‍ലാന്റില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് കുരങ്ങുപനി കേസ് റിപോര്‍ട്ട് ചെയ്തതെന്ന് അയര്‍ലന്റ് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) അറിയിച്ചു. രോഗം ബാധിച്ച വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. സംശയാസ്പദമായ മറ്റൊരു കേസും നിലവിലുണ്ടെന്നും പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് അസുഖം വന്നാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് പബ്ലിക് ഹെല്‍ത്ത് വിഭാഗം വിലയിരുത്തല്‍ നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കുരങ്ങുപനി ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകിയവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രോഗിയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിന് ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രോഗം സംശയിക്കപ്പെടുന്ന ഒരു കേസും അന്വേഷിക്കുന്നുണ്ട്. പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. യുകെയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും മങ്കിപോക്‌സ് കേസുകളുടെ സാന്നിധ്യത്തെ തുടര്‍ന്ന് രോഗബാധ അപ്രതീക്ഷിതമായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കുരങ്ങുപനി സ്ഥിരീകരിക്കാത്ത 20 രാജ്യങ്ങളില്‍ വൈറല്‍ രോഗം ലക്ഷണങ്ങള്‍ കാണുന്നതായി റിപോര്‍ട്ടുകളുണ്ട്. സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ അണുബാധകള്‍ കൂടുതലും യൂറോപ്പിലാണ്. ബെല്‍ജിയത്തില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് 21 ദിവസമാണ് ക്വാറന്റൈന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ 21 രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്.

ബ്രിട്ടന്‍, ബെല്‍ജിയം, യു.എസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, ആസ്‌ത്രേലിയ, ഇസ്രായേല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ 16 കുരങ്ങുപനി കേസുകള്‍ കൂടി കണ്ടെത്തിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ ആകെ 101 കേസുകളായി. സ്‌കോട്ട്‌ലന്‍ഡില്‍ മൂന്ന് കേസുകളും വെയില്‍സിലും ഓരോ കേസും കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News