ജെറുസലേം: കൊവിഡിന് പിന്നാലെ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പുതിയ വൈറസ് എത്തുന്നു. കൊവിഡ് 19, ഇന്‍ഫഌവന്‍സ എന്നിവയുടെ സങ്കരമായ ഫ്‌ളൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസ് ഇസ്രായേലിലാണ് റിപോര്‍ട്ട് ചെയ്തത്. കൊറോണയുടെയും ഇന്‍ഫഌവന്‍സയുടെയും അണുബാധ ചേര്‍ന്നുണ്ടാവുന്ന രോഗവസ്ഥയാണ് ഫ്‌ളൊറോണ. ഇസ്രായേലിലെ റാബന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു അന്താരാഷ്ട്ര മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.
യുവതി വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. സാധാരണ കൊവിഡിനുള്ളതുപോലെ പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങളെന്നാണ് വിദഗ്ധരുടെ അനുമാനം. ഇതൊരു പുതിയ വകഭേദമായി കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ ആളുകള്‍ പരിഭ്രാന്തരാവേണ്ടതില്ല. എങ്കിലും രണ്ട് വൈറസുകള്‍ ഒരേസമയം മനുഷ്യശരീരത്തെ ബാധിക്കുന്നതിനാല്‍ ഫ്‌ളൊറോണ രോഗപ്രതിരോധരംഗത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.
ഡെല്‍മൈക്രോണിന്റെ കണ്ടെത്തലിനെക്കുറിച്ച് നേരത്തെ സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതും പുതിയ വകഭേദമല്ല. യൂറോപ്പിലും യുഎസിലും, SARSCoV-2 വേരിയന്റായ ഡെല്‍റ്റയും ഒമിക്രോണും ഒരേ സമയം സ്ഥിരീകരിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരേ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടര്‍ത്തി ഫ്‌ളൊറോണ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവയെ SARSCoV-2 ന്റെ ആശങ്കയുടെ വകഭേദങ്ങളായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.