കൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണം നാട്ടില്‍ പോവാനാവാതെ കഴിയുകയായിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളെയും കൊണ്ടു കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. രാത്രി 10നു ശേഷമാണ് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടത്. 1152 പേരാണ് ആദ്യ യാത്രയിലുണ്ടായിരുന്നത്. ക്യാംപുകളില്‍ നിന്ന് തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസില്‍ സ്‌റ്റേഷനിലെത്തിച്ച് പരിശോധനകള്‍ക്കു ശേഷമാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. രാത്രി ഏഴിനു ട്രെയിന്‍ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയപ്പോഴേക്കും വൈകിയിരുന്നു. ശനിയാഴ്ച രണ്ട് ട്രെയിനുകള്‍ കൂടി എറണാകുളം ജില്ലയില്‍ നിന്ന് പുറപ്പെടും. സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പട്‌നയിലേക്കുമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.
തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനില്‍ നല്‍കിയിട്ടുണ്ടായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് നാട്ടിലേക്കു മടങ്ങാനെത്തിയത്. ഹെല്‍പ് ഡെസ്‌കുകളൊരുക്കി റജിസ്‌ട്രേഷന്‍ നടത്തിയാണ് യാത്രക്കാരെ കയറ്റിയത്. സ്‌റ്റേഷനില്‍ മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.