എസ്എഫ്‌ഐ പിരിവുമായി സഹകരിച്ചില്ല; മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; രാത്രി മുഴുവന്‍ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ റോബിന്‍സനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.
കൊച്ചി: മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ റോബിന്‍സനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരു രാത്രി മുഴുവന്‍ റൂമില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്‌തെന്നാണു പൊലിസിന് നല്‍കിയ പരാതിയിലെ ആരോപണം.
എസ്എഫ്‌ഐയുടെ പിരിവില്‍ സഹകരിച്ചില്ലെന്ന് പറഞ്ഞാണ് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു.വെള്ളിയാഴ്ചയാണ് കോളജ് ഹോസ്റ്റലില്‍ പൂട്ടിയിട്ടതെന്നും ഫോണ്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാങ്ങി വെച്ചെന്നും റോബിന്‍സണ്‍ പറഞ്ഞു. എന്നാല്‍, ആരോപണം എസ്എഫ്‌ഐ നിഷേധിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് ആറോടെ സഹപാഠികളില്‍ ഒരാളാണു ഹോസ്റ്റല്‍ മുറിയിലേയ്ക്കു വിളിച്ചു കൊണ്ടുപോയത്. മുറിയില്‍ കയറിയ ഉടന്‍ മുഖമടച്ച് അടിയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ കൂട്ടമായി തലങ്ങുംവിലങ്ങും മര്‍ദിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന 17 പേരും അടിച്ചു. പിവിസി പൈപ്പ് പൊട്ടുന്നതു വരെ കാലില്‍ തല്ലി. കരഞ്ഞ് അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു.
തളര്‍ന്നു വീണപ്പോള്‍ എഴുന്നേറ്റു ചാടാന്‍ പറഞ്ഞു. ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാല്‍ വീണ്ടും മര്‍ദിക്കുമെന്നും പീഡനക്കേസ് കൊടുപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലെ പുറത്തിറങ്ങി വീണുപോയപ്പോള്‍ കൂട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും റോബിന്‍സന്‍ പറഞ്ഞു.