കടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ് ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം

യുവാവിനെ തിരികെ എത്തിക്കുന്നതിന് അധികൃതരും ഫിഷറീസ്-കോസ്റ്റല്‍ പോലിസ് ഡിപാര്‍ട്ട്‌മെന്റും അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും റോഡ് ഉപരോധിച്ചത്.

Update: 2022-07-01 14:59 GMT

ചാലിയം(കോഴിക്കോട്): മല്‍സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍ വള്ളംമറിഞ്ഞ് പുറംകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയെന്ന ആക്ഷേപം ശക്തം. ഇതില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ മണിക്കൂറുകളോളം ചാലിയം ജങ്ഷന്‍ റോഡ് ഉപരോധിച്ചു.

യുവാവിനെ തിരികെ എത്തിക്കുന്നതിന് അധികൃതരും ഫിഷറീസ്-കോസ്റ്റല്‍ പോലിസ് ഡിപാര്‍ട്ട്‌മെന്റും അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും റോഡ് ഉപരോധിച്ചത്.

ചാലിയത്ത് നിന്ന് കഴിഞ്ഞ മാസം 26ന് ആറു തൊഴിലാളികളുമായി പുറംകടലില്‍ മല്‍സ്യബന്ധനത്തിന് പുറപ്പെട്ട സഹീറിന്റെ ഉടമസ്ഥതയിലുള്ള സഫയത്ത് എന്ന ഒഴുക്കല്‍ വല തോണിയാണ് അപകടത്തില്‍പെട്ടത്. ചാലിയം ഹാര്‍ബറില്‍ നിന്നും സുമാര്‍ 20 നോട്ടിക്കല്‍ മൈല്‍ ദൂരെ മല്‍സ്യബന്ധനം നടത്തുന്നതിനിടെ 28ന് വൈകീട്ടോടെ വള്ളം മറിയുകയും തൊഴിലാളികള്‍ കടലില്‍ അകപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് കടലില്‍ നീന്തി നിന്ന തൊഴിലാളികളില്‍ അഞ്ചു പേരെ 23 മണിക്കൂറിന് ശേഷം 29ന് ഉച്ചയോടെ അതുവഴി പോവുകയായിരുന്ന വിദേശ യാത്രാ കപ്പല്‍ കണ്ടെത്തി രക്ഷിക്കുകയും കപ്പലില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് രാത്രിയോടെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍, അപകടത്തില്‍പെട്ട തൈക്കടപ്പുറത്ത് ഹുസൈന്റെ മകന്‍ അലി അസ്‌കര്‍ (23)നെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് അധികൃതരെ ബദ്ധപ്പെടുകയും 30ന് അതിരാവിലെ തിരച്ചില്‍ ആരംഭിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം തിരച്ചിലിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി അധികൃതര്‍ മത്സ്യതൊഴിലാളികളെ അറിയിച്ചിരുന്നു. ഇതുപ്രകാരം തിരച്ചിലിനായി പൊന്നാനി, ചേറ്റുവ തുടങ്ങിയ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളെയും നാട്ടുകാര്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍, തിരച്ചിലിനായി അധികൃതര്‍ ബോട്ടോ മറ്റു സൗകര്യങ്ങളൊ ഒരുക്കാന്‍ തയ്യാറാവാതെ കടുത്ത അനാസ്ഥയാണ് കാണിച്ചത്. മല്‍സ്യത്തൊഴിലാളികളില്‍നിന്ന് കടുത്ത സമ്മര്‍ദ്ദമുയര്‍ന്നതോടെ ഉച്ചയോടെ മാത്രമാണ് പുതിയാപ്പയില്‍നിന്ന് ബോട്ട് എത്തിച്ച് തിരച്ചിലിന് പോവാന്‍ കോസ്റ്റല്‍ പോലിസ് സൗകര്യമൊരുക്കിയത്. അതിനിടെ, കോസ്റ്റല്‍ പോലിസുകാരില്‍നിന്നുള്ള ഒരാള്‍ പോലും

തിരച്ചിലിന് പോവുന്ന ബോട്ടില്‍ കയറാന്‍ തയ്യാറാവാത്തത് വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു.

കോസ്റ്റല്‍ പോലിസുകാര്‍ മാറിനിന്നതോടെ രണ്ടു കോസ്റ്റല്‍ വാര്‍ഡര്‍മാര്‍ക്കൊപ്പം പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളാണ് തിരച്ചിലിന് കടലിലിറങ്ങിയത്. അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് ബോട്ട് കോസ്റ്റല്‍ പോലിസിന്റെ കൈവശമുണ്ടായിട്ടും ഇത് കടലിലിറക്കാനും അധികൃതര്‍ തയ്യാറായില്ല.

അതേസമയം, ചാലിയത്ത് നിന്ന് തിരച്ചിലിന് പോയ ബോട്ടിനൊപ്പം ചേറ്റുവ, കൊല്ലം ഭാഗങ്ങളില്‍നിന്ന് കോസ്റ്റല്‍ പോലിസ് ബോട്ടുകളും കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്ററുകളും തിരച്ചിലിലിനിറങ്ങുമെന്നാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇതുവരെ മറ്റിടങ്ങളിലെ ബോട്ടിറക്കുകയോ തിരച്ചിലിന് ഹെലിക്കോപ്റ്റര്‍ അയക്കുകയോ ചെയ്യാതിരുന്നതോടെയാണ് മല്‍സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധമടമക്കമുള്ള ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.

Tags:    

Similar News