ഇന്നും നാളെയും കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Update: 2023-04-29 12:17 GMT



തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോവാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള കര്‍ണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



പ്രത്യേക ജാഗ്രതാ നിര്‍ദേശമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്നും നാളെയും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട്, അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നീ പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.





സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.



നാളെ തെക്കന്‍ മധ്യകേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





Tags:    

Similar News