ചേവായൂരിലും എലത്തൂരിലും കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

ആറര കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ ചേവായൂര്‍ പോലിസും ഏഴര കിലോ കഞ്ചാവുമായി പുതിയ നിരത്ത് സ്വദേശിയെ എലത്തൂര്‍ പോലിസും പിടികൂടി.

Update: 2020-09-18 00:56 GMT

കോഴിക്കോട്: ആറര കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ ചേവായൂര്‍ പോലിസും ഏഴര കിലോ കഞ്ചാവുമായി പുതിയ നിരത്ത് സ്വദേശിയെ എലത്തൂര്‍ പോലിസും പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാസിഫ് (23), അരക്കിണര്‍ സ്വദേശ മുര്‍ഷിദ് (21 ), വെസ്റ്റ് ഹില്‍ സ്വദേശി സുദര്‍ശ് (22), പുതിയങ്ങാടി സ്വദേശി ജിനേഷ് (21) എന്നിവരെയാണ് ചേവായൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി പി ശ്രീജിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ എം കെ അനില്‍കുമാര്‍ പാറോപ്പടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വന്‍ മയക്കുമരുന്ന് സംഘത്തെക്കുറിച്ച് ഇവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. സിപിഒമാരായ സുമേഷ്, രാജീവന്‍, ഫൈസല്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പാവങ്ങാട് കണ്ടങ്കുളങ്ങരയില്‍ ഏഴര കിലോ കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. പുതിയ നിരത്ത് മുഹമ്മദ് ഫര്‍സാദി (24) നെയാണ് എലത്തൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ കെ ബിജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ സനീഷ് അറസ്റ്റ് ചെയ്യുന്നത്. ചേവായൂര്‍ പോലിസ് പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് പാവങ്ങാട് സീന പ്ലാസ്റ്റിക്‌സിനു സമീപം കാറിലെത്തി കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ പോലിസ് യുവാവിനെ പിടികൂടിയത്.



Tags:    

Similar News