മംഗളം എന്‍ജിനീയറിങ് കോളജില്‍ ഭക്ഷ്യവിഷബാധ; 50 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Update: 2022-11-11 11:17 GMT

കോട്ടയം: ഏറ്റുമാനൂര്‍ മംഗളം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഭക്ഷ്യവിഷബാധ. 50 ഓളം വിദ്യാര്‍ഥികളെ കോട്ടയത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോളജിന്റെ ഹോസ്റ്റല്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. രാത്രിയിലെയും രാവിലത്തെയും ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. വയറുവേദനയും, വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗേള്‍സ് ഹോസ്റ്റലിലും ബോയ്‌സ് ഹോസ്റ്റലിലും താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. രണ്ട് സ്ഥലത്തുനിന്ന് ഒരേ മെസ്സില്‍ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

ചിലര്‍ രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥ വരെയുണ്ടായതിനെത്തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോളജ് ഹോസ്റ്റലില്‍ സ്ഥിരമായി മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. ഇപ്പോഴത്തെ ഭക്ഷണത്തില്‍ പുഴുവിനെ വരെ കണ്ടെത്തുകയുണ്ടായി. മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍, എല്ലാം ശരിയാക്കാമെന്ന് മറുപടി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രക്ഷിതാക്കളടക്കം മാനേജ്‌മെന്റിനോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായില്ല എന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

മുമ്പ് കുട്ടികള്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ആരോഗ്യപ്രശ്‌നമുണ്ടാവുന്നതെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍, അധ്യാപകര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനും ആരോഗ്യപ്രശ്‌നമുണ്ടായതോടെ മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊളിഞ്ഞു. ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച് മാനേജ്‌മെന്റിന്റെ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. പല വിദ്യാര്‍ഥികളും മാനേജ്‌മെന്റിനെതിരേ പരാതിപ്പെടാന്‍ ഭയപ്പെടുകയാണ്.

ഇനിയും കോളജില്‍ പഠിക്കേണ്ടതിനാലാണ് പോലിസിലൊന്നും പരാതിപ്പെടാതിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് വലിയ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നുവരാത്തതിനാവാണ് കോളജ് ഹോസ്റ്റലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കോളജ് ഹോസ്റ്റലില്‍ പരിശോധന നടത്തിയതായാണ് വിവരം. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പോലിസും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Tags:    

Similar News