നാടിനും നാട്ടുകാര്‍ക്കും വേണ്ടാത്ത വികസനമാണ് കെ റെയിൽ; ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം
കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതി തന്നെ ബോധവൽകരണത്തിന് വീടുകൾ കയറിയിറങ്ങുന്ന സാഹചര്യത്തിൽ തന്നെയാണ് സംഘടനയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരിക്കുന്നത്.
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കെ റെയിലിന് എതിരേ വിമര്‍ശനം. നാടിനും നാട്ടുകാര്‍ക്കും വേണ്ടാത്ത വികസനമാണ് കെ റെയിലെന്നാണ് സമ്മേളമത്തില്‍ സർക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. വിളപ്പിലിൽ നിന്നുള്ള സമ്മേളന പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ സമ്മേളനത്തിൽ ആദ്യമായാണ് കെ റെയിലിനെതിരേ വിമർശനം ഉയർന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ആര്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിളപ്പിലില്‍ നിന്നുള്ള പ്രതിനിധി ചോദിച്ചു. കെ റെയില്‍ പദ്ധതിയെ കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കകളുണ്ട്. അത് പരിഹരിച്ചതിന് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂയെന്നും പ്രതിനിധി പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതി തന്നെ ബോധവൽകരണത്തിന് വീടുകൾ കയറിയിറങ്ങുന്ന സാഹചര്യത്തിൽ തന്നെയാണ് സംഘടനയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരിക്കുന്നത്. കെ റെയില്‍ പദ്ധതിയെ കുറിച്ച് എല്‍ഡിഎഫിന്റെ ബോധവത്ക്കരണ പരിപാടികള്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് അതേ ജില്ലയിൽ നടക്കുന്ന സമ്മേളനത്തിൽ നിന്ന് തന്നെ ഉയരുന്ന വിമർശന സ്വരം നേതൃത്വത്തിനെ അസ്വസ്ഥതപ്പെടുത്തുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഇതിന് പുറമെ കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് പരാമര്‍ശം നടത്തിയ ജോര്‍ജ് എം തോമസിനെതിരേയും വിമര്‍ശനങ്ങളുണ്ടായി. പാര്‍ട്ടിയിലും ഇടുങ്ങിയ ചിന്താഗതിക്കാരുണ്ട്. ലൗ ജിഹാദെന്ന വിഷയം ജനങ്ങള്‍ മറന്നിരിക്കുകയായിരുന്നു. അത് വീണ്ടും ഓര്‍മപ്പെടുത്തിയെന്നുമാണ് സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
അതേസമയം ഇന്ന് വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കം കുറിക്കും. അടുത്ത ദിവസങ്ങളില്‍ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കാനാണ് തീരുമാനം. വീടുകള്‍ സന്ദര്‍ശിച്ചു കൊണ്ടുള്ള പ്രചാരണങ്ങളും നടത്തും.