വിദേശ സഹായം: ബെന്നി ബെഹനാന് മറുപടി കത്തുമായി കെ ടി ജലീല്‍
സകാത്ത്' എന്ന സല്‍കര്‍മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതായിരുന്നെന്നും കത്തില്‍ ജലീല്‍ ചൂണ്ടിക്കാട്ടി
മലപ്പുറം: റമദാന്‍ കിറ്റിനു വേണ്ടി വിദേശ വിനിമയ ചട്ടം ലംഘിച്ച് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചും തനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് മറുപടി കത്തുമായി മന്ത്രി കെ ടി ജലീല്‍. ജീവിതത്തില്‍ ഇന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്ര പ്രതിനിധികളില്‍ നിന്നുള്ള സമ്മാനമോ സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ കറന്‍സിയോ വിദേശ കറന്‍സിയോ ഒരു രൂപ നോട്ടിന്റെ രൂപത്തില്‍ പോലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സഹായവിതരണത്തില്‍ താനോ ബന്ധപ്പെട്ടവരോ സ്വീകരിച്ചിട്ടില്ലെന്നും ജലീല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
'സകാത്ത്' എന്നത് സംഭാവനയോ സമ്മാനമോ അല്ല. സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴം വെളിവാക്കുന്ന പുണ്യകര്‍മമാണത്. റമദാനില്‍ മുന്‍വര്‍ഷങ്ങളിലെന്ന പോലെ യുഎഇ കോണ്‍സുലേറ്റ് സഹായം നല്‍കുന്നതിന്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കക്ഷി-മത-രാഷ്ട്രീയ ഭേദമില്ലാതെ നല്‍കിയ പുണ്യത്തിന്റെ അംശത്തെയാണ് ബെന്നി ബെഹനാന്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിദേശ ഫണ്ട് വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും വിശേഷിപ്പിച്ചത്. സംഭാവനക്കോ സമ്മാനത്തിനോ ഒരുപാട് മുകളില്‍ നില്‍ക്കുന്ന 'സകാത്ത്' എന്ന സല്‍കര്‍മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതായിരുന്നെന്നും കത്തില്‍ ജലീല്‍ ചൂണ്ടിക്കാട്ടി.
Foreign Aid: KT Jaleel in reply to Benny Behanan