കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കേസ്: രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച

Update: 2022-12-02 07:08 GMT

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഉദയകുമാറും ഉമേഷും കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ക്കെതിരേ ബലാല്‍സംഗം, കൊലപാതകം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വിചാരണക്കോടതി വ്യക്തമാക്കി.

ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. 2018 ല്‍ പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികില്‍സയ്‌ക്കെത്തിയ നാല്‍പ്പതുകാരിയായ ലാത്‌വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ പനത്തുറയിലുള്ള ഉദയകുമാറും ഉമേഷും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കണ്ടല്‍കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ.മോഹന്‍രാജായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 30 സാക്ഷികളില്‍ രണ്ടുപേര്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളും മറ്റ് സാക്ഷികളും പ്രതികള്‍ക്കെതിരായി.

Tags:    

Similar News