ബാറില്‍ വിദേശ വനിതകളുടെ മദ്യംവിളമ്പല്‍: ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ലൈസന്‍സ് ചട്ടങ്ങളില്‍ ലംഘനം നടന്നെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. സ്‌റ്റോക്ക് ബുക്ക് സൂക്ഷിക്കാതെ ഇരുന്നതും ചട്ടങ്ങളുടെ ലംഘനമായാണ് എക്‌സൈസ് വിലയിരുത്തുന്നത്.
കൊച്ചി: ഹാര്‍ബര്‍ വ്യൂ ഹോട്ടലിലെ ഫ്‌ലൈ ഹൈ ബാറില്‍ വിദേശ വനിതകള്‍ മദ്യം വിളമ്പുകയും ഡാന്‍സ് ബാര്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലൈസന്‍സ് ചട്ടങ്ങളില്‍ ലംഘനം നടന്നെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. സ്‌റ്റോക്ക് ബുക്ക് സൂക്ഷിക്കാതെ ഇരുന്നതും ചട്ടങ്ങളുടെ ലംഘനമായാണ് എക്‌സൈസ് വിലയിരുത്തുന്നത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ആണ് ഫ്‌ലൈ ഹൈ ബാറില്‍ ഡാന്‍സ് ബാര്‍ സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ വന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇവിടെ പരിശോധന നടത്തുകയും മാനേജര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹാര്‍ബര്‍ വ്യൂ ഹോട്ടലിന് എക്‌സൈസ് നോട്ടിസ് നല്‍കിയിട്ടുണ്ട്.
ബാറുകളില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമ ലംഘനമാണെന്ന് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. വിദേശ മദ്യ നിയമം 27 എ, ബാര്‍ ലൈസന്‍സ് 9 എ എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി ടിനിമോന്‍ പറഞ്ഞു.