കുട്ടികൾ മാത്രമുള്ളപ്പോൾ നടന്ന ജപ്തി നടപടി നിയമവിരുദ്ധം; ബാങ്കിനെതിരേ നിയമ പോരാട്ടത്തിന് അജേഷ്

ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.

Update: 2022-04-05 05:44 GMT

കൊച്ചി: മുവാറ്റുപുഴയിൽ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ അർബൻ ബാങ്കിനെതിരേ നിയമ നടപടിക്കൊരുങ്ങി വീട്ടുടമ അജേഷ്. കുട്ടികൾ മാത്രമുണ്ടായിരുന്നപ്പോൾ ജപ്തി ചെയ്തത് നിയമവിരുദ്ധമാണ്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലെന്ന് കുട്ടികൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അതൊന്നും കേൾക്കാതെയാണ് ബാങ്ക് അധികൃതർ നടപടികളുമായി മുന്നോട്ട് നീങ്ങിയതെന്നും അജേഷ് പ്രതികരിച്ചു.

ബാങ്കിന് നൽകാനുണ്ടായിരുന്ന കുടിശ്ശിക തുക കഴിഞ്ഞ ദിവസം ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) തിരിച്ചടച്ചു അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സാമൂഹിക മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നു.

എന്നാൽ കട ബാധ്യത തീർക്കാൻ ബാങ്കിലെ ജീവനക്കാർ ശേഖരിച്ച പണം വേണ്ട എന്നായിരുന്നു അജേഷിന്റെ പ്രതികരണം. മാത്യു കുഴൽനാടൻ എംഎൽഎ ബാധ്യത ഏറ്റെടുത്ത് കഴിഞ്ഞാണ് ജീവനക്കാർ രംഗത്തെത്തിയത്. സംഭവത്തിൽ അവർ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിരുന്നുവെന്നും അജേഷ് കഴിഞ്ഞ ദിവസം പറഞ്ഞു.

ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല. എന്നാൽ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നാണ് മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ വിശദീകരണം.

Similar News