മലപ്പുറം: ബിഎസ്എന്‍എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കകര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലമ്പൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന മറ്റൊരു കേസില്‍ നിലമ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്ന ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൃക്കാക്കര പോലിസ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷക്കേസില്‍ ഇന്ന് നിലമ്പൂര്‍ എസ്എച്ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹാജരായില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പോലിസ് കേസെടുത്തത്. ഷാജന്‍ സ്‌കറിയ പോലിസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ പ്രധാനമന്ത്രിക്കും ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. വയര്‍ലെസ് വിവരങ്ങള്‍ ചോര്‍ത്താന്‍ ഷാജന്‍ മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം. നേരത്തേ എം എ യൂസുഫലി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യാജവാര്‍ത്ത നല്‍കിയതിനും മറുനാടന്‍ മലയാളിക്കെതിരേ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.