കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍ ഡിജിപി ആര് ശ്രീലേഖ
തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആര് ശ്രീലേഖ ഇരകളുടെ പേര് വെളിപ്പെടുത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേയും വീഡിയോയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
കൊച്ചി: കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍ ഡിജിപി ആര് ശ്രീലേഖ. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആര് ശ്രീലേഖ ഇരകളുടെ പേര് വെളിപ്പെടുത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേയും വീഡിയോയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കിളിരൂര്‍ പെണ്‍കുട്ടികളുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്നും പെണ്‍കുട്ടികള്‍ വേദനയില്‍ പുളഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടത് ചെയ്തില്ലെന്നും ശ്രീലേഖ ആരോപിച്ചു.
നേരത്തെ നടിയ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിച്ചുള്ള വീഡിയോ ഏറെ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് സ്ഥാപിച്ചായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ. ദിലീപിന് എതിരേ തെളിവില്ലെന്നും പോലിസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും അവര്‍ ആരോപിച്ചിരുന്നു. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. പള്‍സര്‍ സുനിയുടെ ഭാഗത്തുനിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട്. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലിസുകാരന് ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.