ഗോവയിലെ ആര്‍എസ്എസ് മുന്‍ മേധാവിയുടെ വിദ്വേഷ പ്രസ്താവന: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ പ്രതിഷേധിച്ചു
കൊച്ചി: ഭാരതത്തില്‍ ക്രൈസ്തവ സഭ സ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഗോവയിലുള്ള തിരുശേഷിപ്പ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഗോവയിലെ ആര്‍എസ്എസ് യൂനിറ്റ് മുന്‍ മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയ്‌ക്കെതിരേ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു. ആര്‍എസ്എസ് മേധാവി പ്രസ്താവന പിന്‍വലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട് മാപ്പ് പറയണം. എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ഭരണഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്രകാരം മത വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന നേതാക്കകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം. രാജ്യത്ത് ന്യുനപക്ഷ സമുദായമായ ക്രൈസ്തവര്‍ക്കു നേരെ നിരന്തരം നടക്കുന്ന വിദ്വേഷ പ്രസ്താവനകളില്‍ കെഎല്‍സിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മതേതരത്വത്തിന് ഭംഗം വരുന്ന ഒരു നടപടിയും ക്രൈസ്തവരുടെ ഭാഗത്തു നിന്നുണ്ടാവില്ല. അത്തരം പ്രകോപനങ്ങളില്‍ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവരെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍(കെഎല്‍സിഎ) സംസ്ഥാന ഖജാഞ്ചി രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കണ്ണൂര്‍ രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ്, രൂപത ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ്, ക്രിസ്റ്റഫര്‍ കല്ലറക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.