ഞങ്ങള്‍ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു; ലീഗ് നേതൃത്വം മറുപടി പറയണമെന്ന് മുന്‍ ഹരിത നേതാക്കള്‍
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പി എം എ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലില്‍ പോയി പ്രശ്‌നം പരിഹരിച്ചോളാന്‍ പറഞ്ഞു.
പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികള്‍ക്കെതിരെയാണ്, പാര്‍ട്ടിക്ക് എതിരെയല്ല. എംഎസ്എഫ് നേതാവ് പി കെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതുകൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
പി കെ നവാസ് തങ്ങളെ അപമാനിച്ചെന്നും കേള്‍ക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ ഞങ്ങളുടെ അഭ്യര്‍ഥന. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. ഈ വിഷയത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം നേരിട്ട് സമീപിച്ചു.
വലിയ തോതില്‍ സൈബര്‍ അറ്റാക്ക് നേരിടുകയാണെന്ന് മുഫീദ തസ്‌നി പറഞ്ഞു. ഹരിതയുടെ പെണ്‍കുട്ടികള്‍ പ്രസവിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞുനടന്നു. സൈബര്‍ ഗുണ്ടയുടെ കൈയില്‍ ഞങ്ങളുടെ ചിത്രങ്ങളും മറ്റുമുണ്ടെന്ന് പറഞ്ഞു- നേതാക്കള്‍ ചൂണ്ടിക്കാട്ടി. നവാസിനെതിരായ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ ഹരിത നേതാക്കളുടെ പ്രതികരണം.