സൈനിക കേന്ദ്രത്തിനടുത്തുള്ള ബംഗ്ലാവ് പൊളിച്ച് നീക്കാന്‍ ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിക്ക് നോട്ടീസ്
അധികൃതരുടെ സാധുവായ അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പൊളിച്ച് നീക്കാനുള്ള ഉത്തരവില്‍ ജമ്മു വികസന അതോറിറ്റി പറഞ്ഞു.
ജമ്മു: നഗ്രോട്ട ഏരിയയിലെ സൈനിക ആയുധപ്പുരയ്ക്കു സമീപത്തെ ബംഗ്ലാവ് അഞ്ച് ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് നിര്‍മ്മല്‍ സിങ്ങിനും ഭാര്യ മംമ്താ സിങ്ങിനും ജമ്മു വികസന അതോറിറ്റി നോട്ടീസ് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അധികൃതരുടെ സാധുവായ അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പൊളിച്ച് നീക്കാനുള്ള ഉത്തരവില്‍ ജമ്മു വികസന അതോറിറ്റി പറഞ്ഞു.
'നിശ്ചയിച്ച സമയത്തിനകം അനധികൃത നിര്‍മ്മാണം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, അത് ജെഡിഎയുടെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പൊളിക്കും, കൂടാതെ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഭൂവരുമാനത്തിന്റെ കുടിശ്ശികയായി ഈടാക്കുമെന്നും' ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി കുടുംബത്തോടൊപ്പം കൊട്ടാര ബംഗ്ലാവിലേക്ക് താമസം മാറിയത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ 1,000 യാര്‍ഡിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന 2015 ലെ വിജ്ഞാപനം 'കര്‍ശനമായി നടപ്പിലാക്കുന്നത്' ഉറപ്പാക്കാന്‍ 2018 മെയ് മാസത്തില്‍ ഹൈക്കോടതി അധികാരികളോട് നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ബംഗ്ലാവ് ആയുധപ്പുരയ്ക്കു സമീപമായതിനാല്‍ സുരക്ഷിതത്വത്തിലും സുരക്ഷയിലും ആശങ്ക ഉന്നയിച്ച് കേന്ദ്രം രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിര്‍മ്മല്‍ സിംഗിന്റെ വീടിന്റെ നിര്‍മ്മാണം തടയുന്നതില്‍ ജമ്മുവിലെ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടിരുന്നു.
കെട്ടിടം 'സുരക്ഷാ അപകടസാധ്യതയുള്ള'താണെന്ന് 2018ല്‍, നഗ്രോട്ട ആസ്ഥാനമായുള്ള ആര്‍മിയുടെ 16 കോര്‍പ്‌സ് ആസ്ഥാനം വ്യക്തമാക്കിയിരുന്നു. പൊളിക്കല്‍ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് നിര്‍മ്മല്‍ സിംഗ് പറഞ്ഞു.കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തന്റെ മുന്‍ വാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 26ന്, അഭിഭാഷകനായ മുസാഫര്‍ അലി ഷാന്റെ വിവരാവകാശ ചോദ്യത്തിന് മറുപടിയായി നിര്‍മ്മല്‍ സിംഗിന്റെ ബംഗ്ലാവ് നിര്‍മിച്ചത് അനധികൃതമാണെന്നു ജമ്മു കശ്മീര്‍ ഭരണകൂടം സമ്മതിച്ചിരുന്നു.