പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറസ്റ്റില്‍

Update: 2023-05-09 12:59 GMT

ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) അധ്യക്ഷനുമായ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ ഇസ് ലാമാബാദിലെ ഹൈക്കോടതിക്ക് പുറത്തുവച്ചാണ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഇംറാന്‍ ഖാനെ അര്‍ധസൈനിക വിഭാഗമായ റെയ്‌ഞ്ചേഴ്‌സ് അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന. സൈന്യം ഇംറാന്‍ ഖാന്റെ വാഹനം വളയുന്നതും കയറ്റിക്കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇംറാന്‍ ഖാനോട് സൈന്യം മോശമായ രീതിയില്‍ പെരുമാറിയതായി തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തു എന്നതുള്‍പ്പെടെ നിരവധി അഴിമതി കേസുകളാണ് ഇംറാനെതിരേ ചുമത്തിയിരുന്നത്. നിരവധി തവണ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടും ഇംറാന്‍ഖാന്‍ എത്തിയിരുന്നില്ല.

    അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ തനിക്കെതിരേ വധശ്രമം നടത്തിയെന്ന ഇംറാന്‍ ഖാന്റെ ആരോപണം പാകിസ്ഥാന്‍ സൈന്യം കോടതിയില്‍ ചോദ്യം ചെയ്തു. വാരാന്ത്യത്തില്‍ നടത്തിയ ഒരു റാലിക്കിടെ, തന്നെ കൊലപ്പെടുത്താനുള്ള രണ്ട് ശ്രമങ്ങളെങ്കിലും നടന്നതായും പിന്നില്‍ സൈന്യമാണെന്നുമായിരുന്നു 70 കാരനായ ഇംറാന്‍ ഖാന്റെ ആരോപിച്ചു. പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇന്റര്‍സര്‍വീസ് ഇന്റലിജന്‍സ് അഥവാ ഐഎസ്‌ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പിന്നിലെന്നായിരുന്നു ആരോപണം. കഴിഞ്ഞ വര്‍ഷം റാലിക്കിടെയുണ്ടായ വെടിവയ്പ്പില്‍ ഇംറാന്‍ ഖാന്റെ കാലിന് പരിക്കേറ്റിരുന്നു.

Tags:    

Similar News