വസിം റിസ്‌വി ഇനി ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി; ഹിന്ദുമതം സ്വീകരിച്ച് യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍

ഇന്ന് മുതല്‍ താന്‍ ഹിന്ദുത്വത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കും. മുസ്‌ലിംകളുടെ വോട്ട് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും പോവുന്നില്ല. മുസ്‌ലിംകള്‍ ഹിന്ദുത്വത്തിനെതിരെയും ഹിന്ദുക്കളെ തോല്‍പ്പിക്കാന്‍ വേണ്ടിയും മാത്രമാണ് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2021-12-06 10:31 GMT

ലഖ്‌നോ: സംഘപരിവാറുകാരെ പ്രീതിപ്പെടുത്തുന്ന തരത്തില്‍ നിരന്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്താമാധ്യമങ്ങളില്‍ ഇടംനേടിയ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസിം റിസ്‌വി ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ മഹന്ത് യതി നരസിംഹാനന്ദ സരസ്വതി ദാസ്‌ന ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ദാസ്‌ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിംഹാനന്ദ് ആണ് മതംമാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇനി മുതല്‍ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്നാവും റിസ്‌വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു.

താന്‍ ഇസ്‌ലാമില്‍നിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്റെ തലയ്ക്കുള്ള പാരിതോഷികത്തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്‌വി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ സനാതന ധര്‍മത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണ്. ഇന്ന് മുതല്‍ താന്‍ ഹിന്ദുത്വത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കും. മുസ്‌ലിംകളുടെ വോട്ട് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും പോവുന്നില്ല. മുസ്‌ലിംകള്‍ ഹിന്ദുത്വത്തിനെതിരെയും ഹിന്ദുക്കളെ തോല്‍പ്പിക്കാന്‍ വേണ്ടിയും മാത്രമാണ് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മരിച്ചാല്‍ സ്വന്തം മൃതദേഹം ഖബറടക്കരുതെന്നും ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ഒരു വീഡിയോയിലൂടെ വസിം റിസ്‌വി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗാസിയാബാദിലെ ദാസ്‌ന ക്ഷേത്രത്തിലെ പൂജാരിയായ യതി നരസിംഹാനന്ദ സരസ്വതിയാണ് തന്റെ ചിതയ്ക്ക് തീ കൊളുത്തേണ്ടതെന്നും വീഡിയോയില്‍ റിസ്‌വി വ്യക്തമാക്കി. ഇതിനായി വസിം റിസ്‌വി വില്‍പത്രവും തയ്യാറാക്കി. ഭീകരവാദവും ജിഹാദും പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് 26 ഖുര്‍ആന്‍ വചനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വസിം റിസ്‌വി സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഈ വചനങ്ങള്‍ ഖുര്‍ആന്‍ അവതരിച്ചതിനും ഏറെനാള്‍ക്കുശേഷം കൂട്ടിച്ചേര്‍ത്തതാണെന്നായിരുന്നു വസിം റിസ്‌വിയുടെ വാദം. എന്നാല്‍, അദ്ദേഹത്തിന്റെ അപ്പീല്‍ സുപ്രിംകോടതി തള്ളി.

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ റിസ്‌വി ഒരു പുസ്തകവും എഴുതി. ബാബരി മസ്ജിദിനെതിരേയും അദ്ദേഹം വിവാദ പരാമര്‍ശങ്ങള്‍ നടത്തി. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേലാണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്നും ഇന്ത്യയ്ക്ക് അപമാനമാണ് പള്ളിയെന്നുമാണ് നേരത്തെ റിസ്‌വി പറഞ്ഞത്. ബാബരി കേസിലെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യ മുസ്‌ലിം നേതാവ് കൂടിയാണ് റിസ്‌വി. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിലേക്ക് കഴിഞ്ഞ വര്‍ഷം 51,000 രൂപ സംഭാവന ചെയ്തും അദ്ദേഹം ശ്രദ്ധ നേടി. രാമക്ഷേത്രനിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഷിയാ വഖഫ് ബോര്‍ഡിന്റെ സഹായമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരേ ലൈംഗിക ചുവയുള്ള പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടുണ്ട്. പ്രിയങ്ക അതീവ സുന്ദരിയാണെന്നും അവര്‍ നേരത്തേ വന്നിരുന്നെങ്കില്‍ തന്റെ സിനിമയില്‍ അവരെ അഭിനയിപ്പിച്ചേനേ എന്നാണ് വസിം റിസ്‌വി പറഞ്ഞത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ സെക്ഷന്‍ 354, 309 വകുപ്പുകള്‍ ചുമത്തി പോലിസ് വസിം റിസ്‌വിയ്‌ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു.

നിരവധി തീവ്ര ഇസ്‌ലാമിക സംഘടനകള്‍ ശിരഛേദത്തിന് ആഹ്വാനം ചെയ്തതിനാല്‍ തന്റെ ജീവനെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്ന് പറയുന്ന ഒരു വീഡിയോയും റിസ്‌വി പുറത്തുവിട്ടിരുന്നു. അതേസമയം, റിസ്‌വിയുടെ മതംമാറ്റത്തെ ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് സ്വാഗതം ചെയ്തു. വസിം റിസ്‌വി ഇനി സനാതന ധര്‍മത്തിന്റെ ഭാഗമാണെന്നും ഹിന്ദു മഹാസഭ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി ചക്രപാണി പ്രതികരിച്ചു. ഒരു മതഭ്രാന്തനും ഇനി റിസ്‌വിക്കെതിരേ ഫത്‌വയിറക്കാന്‍ ധൈര്യപ്പെടില്ലെന്നും ചക്രപാണി വ്യക്തമാക്കി.

Tags:    

Similar News