താജ്മഹലില്‍ കാവിക്കൊടി വീശി; ഹിന്ദുത്വ സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍ (വീഡിയോ)
ഒളിപ്പിച്ച് കടത്തിയ കൊടി താജ്മഹലിന്റെ മുമ്പിലെ ഇരിപ്പിടത്തില്‍വച്ച് സെല്‍ഫി സ്റ്റിക്കില്‍ ഘടിപ്പിച്ച് വീശുകയും ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു.
ലക്‌നോ: ആഗ്രയിലെ താജ്മഹല്‍ അങ്കണത്തില്‍ തീവ്രഹിന്ദുത്വ സംഘത്തിലെ നാലു പേര്‍ ചേര്‍ന്ന് കാവിക്കൊടി വീശിയതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഒളിപ്പിച്ച് കടത്തിയ കൊടി താജ്മഹലിന്റെ മുമ്പിലെ ഇരിപ്പിടത്തില്‍വച്ച് സെല്‍ഫി സ്റ്റിക്കില്‍ ഘടിപ്പിച്ച് വീശുകയും ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ ഹിന്ദുത്വ സംഘത്തിലെ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഘത്തിലെ മൂന്നു പേര്‍ പതാകകള്‍ ഉയര്‍ത്തിപ്പിടിച്ച് ക്യാമറയ്ക്ക് അഭിമുഖമായി വീശുന്നത് കാണാം. ഫ്രെയിം നന്നായി കാണുന്നുവെന്ന് വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം.
ഭരണകക്ഷിയായ ബിജെപിക്ക് പ്രത്യയശാസ്ത്ര പിന്തുണ നല്‍കുന്ന ആര്‍എസ്എസുമായി ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ചിലെ യുവജന വിഭാഗത്തില്‍ പെട്ടവരാണ് കൊടി ഉയര്‍ത്തിയ നാലു പേരും.
സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഗൗരവ് തല്‍വാര്‍, ഋഷി ലവാനിയ, സോനു ബാഗേല്‍, വിശേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. യൂട്യൂബില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ലഭിക്കാനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പ്രദേശത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കമാന്‍ഡന്റ് രാഹുല്‍ യാദവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സിഐഎസ്എഫിന്റെ പരാതിയില്‍, ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), ക്രിമിനല്‍ നിയമ ഭേദഗതി നിയമത്തിലെ സെക്ഷന്‍ 7 എന്നിവ പ്രകാരം കേസെടുത്തു.
#Agra: Activists of Hindu Jagran Manch on Monday hoisted saffron flags within the premises of #TajMahal, leading to the arrest of four persons including the outfit's youth wing district president. pic.twitter.com/F3OFGDQG3e
— TOI Agra (@TOIAgra) January 4, 2021