കശ്മീരിലെ സായുധാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

Update: 2023-01-02 04:41 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ സായുധാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ പ്രദേശവാസിയാണ് മരിച്ചത്. പരിക്കേറ്റ ഒമ്പത് പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇവരില്‍ ചിലരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സതീഷ് കുമാര്‍ (45), ദീപക് കുമാര്‍ (23), പ്രീതം ലാല്‍ (57), ശിശു പാല്‍ (32) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് 7.15 ന് ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ രജൗരിയിലെ ധാന്‍ഗ്രിയിലായിരുന്നു സംഭവം. അപ്പര്‍ ധാന്‍ഗ്രിയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമുള്ള മൂന്ന് വീടുകള്‍ക്ക് നേരേ വെടിവയ്പ്പുണ്ടാവുകയായിരുന്നു. തോക്കുമായെത്തിയ രണ്ട് സായുധരാണ് ആക്രമണം നടത്തിയത്. 10 മിനിറ്റിനുള്ളില്‍ വെടിവയ്പ്പ് അവസാനിച്ചു. ആദ്യം, അവര്‍ അപ്പര്‍ ഡാംഗ്‌രിയിലെ ഒരു വീട് ആക്രമിച്ചു, തുടര്‍ന്ന് അവര്‍ 25 മീറ്റര്‍ മാറി അവിടെ നിരവധി ആളുകളെ വെടിവച്ചു.

ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ രണ്ടാമത്തെ വീട്ടില്‍ നിന്ന് 25 മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന് നേരെയും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് സൈന്യവും പോലിസും തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു സോണ്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് മുകേഷ് സിങ് പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രദേശത്ത് ആസൂത്രിത കൊലപാതകങ്ങള്‍ നടന്നതെന്ന് ഡാംഗ്രിയിലെ സര്‍പഞ്ച് ദീരജ് കുമാര്‍ പറഞ്ഞു.

Tags:    

Similar News