റബാത്ത്: മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 2,800 പിന്നിട്ടു. മാരാകേഷിന് 72 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി ഹൈ അറ്റ്‌ലസ് പര്‍വതനിരകളില്‍ വെള്ളിയാഴ്ച രാത്രിയാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി സ്‌പെയിന്‍, യുകെ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ മൊറോക്കോയിലുണ്ട്. ഭൂകമ്പത്തില്‍ ആകെ 2,862 പേര്‍ മരണപ്പെട്ടതായും 2,562 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്.
ആറ് പതിറ്റാണ്ടിനിടെ മൊറോക്കോയിലുണ്ടായ അതിമാരകമായ ഭൂകമ്പമാണ് വെള്ളിയാഴ്ചയുണ്ടായത്. മേഖലയില്‍ കൂടുതലായും പരമ്പരാഗത മണ്‍ ഇഷ്ടിക വീടുകളായതിനാല്‍ അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യത കുറവാണെങ്കിലും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. ഭൂചലന മേഖലയുടെ ഭൂരിഭാഗവും എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളായതിനാല്‍, കാണാതായ ആളുകളുടെ എണ്ണത്തെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ കണക്കുകളൊന്നുമില്ല. മൊറോക്കോയുടെ സാംസ്‌കാരിക പൈതൃകത്തിലും ഭൂകമ്പം കനത്ത നാശമാണ് വിതച്ചത്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച മാരാകേഷിന്റെ പഴയ നഗരത്തിലെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. 12ാം നൂറ്റാണ്ടിലെ ചരിത്ര പ്രാധാന്യമുള്ള ടിന്‍മെല്‍ മസ്ജിദിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 15 പേര്‍ കൊല്ലപ്പെട്ട പ്രഭവകേന്ദ്രത്തിന് സമീപമുള്ള വിദൂര ഗ്രാമമായ ടിന്‍മെല്‍ നിവാസികള്‍ കൊടുംതണുപ്പിനെ അതിജീവിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും തിങ്കളാഴ്ചയോടെ വേഗത കൂടിയിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഏകദേശം 100,000 കുട്ടികളെ ഭൂകമ്പം ബാധിച്ചതായാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിക്ക് ഇതുവരെ കൊല്ലപ്പെട്ട കുട്ടികളുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം അറിയില്ല. എന്നാല്‍, 2022ലെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് മൊറോക്കോയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് കുട്ടികളാണ് എന്നതില്‍നിന്നും തന്നെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാവുന്നതാണ്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായത്തില്‍ 1960ന് ശേഷം വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്നാണിത്. നേരത്തേയുണ്ടായ ഒരു ഭൂകമ്പത്തില്‍ 12,000 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് മുസ്തഫ ബൈറ്റാസ് പറഞ്ഞു. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, കുടിവെള്ളം, ഭക്ഷണം, ടെന്റുകള്‍, പുതപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്നതായി സൈന്യവും അറിയിച്ചു. ദുരന്തത്തിന് ശേഷം മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍ രാജ്യത്തെ അഭിസംബോധന ചെയ്തിട്ടില്ല. ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി അസീസ് അഖന്നൗച്ച് അറിയിച്ചിരുന്നു. വിവിധ ലോകരാഷ്ട്രങ്ങള്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.