റബാത്ത്: മൊറോക്കോയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 296 പേര്‍ കൊല്ലപ്പെട്ടു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ചരിത്രപ്രസിദ്ധമായ മാരാക്കേക്കിലെ പഴയ നഗരത്തിനു സമീപത്തെ പ്രശസ്തമായ ചുവന്ന മതിലുകളുടെ ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പലായനം ചെയ്തു. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി മുടങ്ങി. മാരാകേഷിന് 44 മൈല്‍ (71 കിലോമീറ്റര്‍) തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റര്‍ പരിധിയില്‍ പ്രാദേശിക സമയം രാത്രി 11:11 ന് ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന്റെ പ്രാഥമിക തീവ്രത 6.8 ആയിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
മൊറോക്കോയുടെ നാഷനല്‍ സീസ്മിക് മോണിറ്ററിങ് ആന്റ് അലേര്‍ട്ട് നെറ്റ്‌വര്‍ക്ക് റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയപ്പോള്‍ യുഎസ് ഏജന്‍സി 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. മൊറോക്കോയിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്. വടക്കേ ആഫ്രിക്കയില്‍ ഭൂകമ്പങ്ങള്‍ താരതമ്യേന അപൂര്‍വമാണ്. 1960ല്‍ അഗാദിറിനടുത്ത് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരക്കണക്കിന് പേര്‍ മരണപ്പെട്ടിരുന്നു. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും പറഞ്ഞു.