മൊറോക്കോ ഭൂകമ്പം; മരണസംഖ്യ 820 ആയി
672 പേര്‍ക്ക് പരിക്കേറ്റതായി മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയം സഹായഹസ്തവുമായി ലോകരാഷ്ട്രങ്ങള്‍
റബാത്ത്: വെള്ളിയാഴ്ച അര്‍ധരാത്രി മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ മരണപ്പെട്ടവരുടെ എണ്ണം 632 ആയി ഉയര്‍ന്നു. 329 പേര്‍ക്ക് പരിക്കേറ്റതായി മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ചരിത്രപ്രസിദ്ധമായ മാരാക്കേഷിലെ പഴയ നഗരത്തിനു സമീപത്തെ ചുറ്റിപ്പറ്റിയുള്ള പ്രസിദ്ധമായ ചുവന്ന മതിലുകളുടെ ഭാഗങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
റിക്റ്റര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തെ തകര്‍ത്തിരിക്കുകയാണ്. ഇതോടെ, ലോകരാഷ്ട്രങ്ങള്‍ മൊറോക്കോയ്ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. മൊറോക്കോയെ ഞങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് യുകെ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി അറിയിച്ചു. നേരത്തേ ഇന്ത്യയും സഹായം വാഗ്ദാനം ചെയ്തിരുന്നു. യുഎഇ പ്രസിഡന്റും അനുശോചനം രേഖപ്പെടുത്തി. സഹോദരന്‍ മുഹമ്മദ് ആറാമന്‍ രാജാവിനും ഭൂകമ്പത്തിന്റെ ഇരകള്‍ക്കും ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഈ സംഭവത്തില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഞങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മൊറോക്കോയെ ദൈവം സംരക്ഷിക്കട്ടെയെന്ന് അദ്ദേഹം അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുടങ്ങിയവരും അനുശോചനവും സഹായവും അറിയിച്ചു.
അറ്റ്‌ലസ് പര്‍വതനിരകളിലെ ഗ്രാമങ്ങള്‍ മുതല്‍ ചരിത്ര നഗരമായ മരാക്കേഷ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള മാരാക്കേഷിലും അഞ്ച് പ്രവിശ്യകളിലുമാണ് കൂടുതല്‍ നാശം വിതച്ചത്. തിരച്ചില്‍ തുടരുകയും രക്ഷാപ്രവര്‍ത്തകര്‍ വിദൂര പ്രദേശങ്ങളില്‍ എത്തുകയും ചെയ്യുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.