പൗരത്വ പട്ടിക: അസമിൽ നാല് ലക്ഷത്തോളം മുസ്‌ലിംകൾ മിസ്ഡ് കോൾ അടിച്ചു ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്‌

Update: 2020-10-19 07:39 GMT

ന്യൂഡൽഹി: പൗരത്വം നഷ്ടപ്പെടും എന്ന ഭയം മൂലം അസമിലെ ലക്ഷകണക്കിന് മുസ്‌ലിങ്ങള്‍ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നാലു ലക്ഷത്തോളം മുസ്‌ലിങ്ങള്‍ മിസ്ഡ് കോൾ അടിച്ചു പാർട്ടിയിൽ ചേർന്നതായിട്ടാണ് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അസമിൽ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും മുസ്‌ലിങ്ങള്‍ പാർട്ടിയിൽ ചേർന്നത് അവരിൽ ഉടലെടുത്ത ഭയം കാരണമാണെന്നാണ് നിരീക്ഷണം.

ഓഗസ്റ്റിൽ പുറത്തുവന്ന പൗരത്വപട്ടിക പ്രകാരം 19 ലക്ഷത്തിലധികം പേരാണ് പൗരത്വമില്ലാതായത്. നേരത്തെ 2018 കരട് പട്ടിക പ്രകാരം 40 ലക്ഷം പേർക്കായിരുന്നു പൗരത്വമില്ലാതായത്. ഇത് പുതുക്കിയപ്പോഴാണ് 19 ലക്ഷമായി കുറഞ്ഞത്. അതിൽ മുസ്‌ലിങ്ങൾക്ക് പുറമെ ഹിന്ദുക്കൾ, തദ്ദേശ ജനവിഭാഗങ്ങൾ എന്നിവരും ഉൾപ്പെട്ടു. ഇതോടെയാണ് പുതിയ പൗരത്വപട്ടിക എന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്തുവന്നത്. ഇതുയർത്തിയ ഭയമാണ് മുസ്‌ലിങ്ങളെ ബിജെപിയിൽ മിസ്ഡ് കോൾ അംഗങ്ങളാകാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

മുസ്‌ലിം അംഗത്വത്തെ സംബന്ധിച്ച വാർത്ത ബിജെപി നേതൃത്വം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തിലധികം പേർക്ക് അംഗത്വ രസീത് നൽകിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മുസ്‌ലിങ്ങള്‍ മാത്രമല്ല ന്യുനപക്ഷ വിഭാഗത്തിൽ പെട്ട മറ്റുള്ളവരും മിസ്ഡ് കോൾ അടിച്ചു പാർട്ടിയിൽ ചേർന്നിട്ടുള്ളതായി അസമിലെ ബിജെപി വക്താവ് വിജയ് കുമാർ ഗുപ്ത പറഞ്ഞു.

അസമിൽ വീണ്ടും പുതിയ പൗരത്വ പട്ടിക തയ്യാറാക്കുമെന്ന് അന്തിമ പട്ടിക പുറത്തു വിട്ടതിന് പിന്നാലെ ബിജെപി നേതാക്കന്മാർ പ്രഖ്യാപിച്ചിരുന്നു. ഇത് മുസ്‌ലിമുകളെ ബിജെപിയിൽ ചേരാൻ പ്രേരിപ്പിച്ചിരിക്കാമെന്ന് രാഷ്ട്രീയ നീരിക്ഷകർ കരുതുന്നു.

Tags:    

Similar News