വീണ്ടും റഫേല്‍ പോര് മുറുകുന്നു; സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
റഫേല്‍ ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ഫ്രാന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വീണ്ടും നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവന്ന് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതോടെ റഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മില്‍ വീണ്ടും പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. റഫേല്‍ ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ഫ്രാന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വീണ്ടും നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവന്ന് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതോടെ റഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മില്‍ വീണ്ടും പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. റഫേല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് ഫ്രഞ്ച് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ച വിവരം ഫ്രഞ്ച് വാര്‍ത്താ വെബ്‌സൈറ്റാണ് റിപോര്‍ട്ട് ചെയ്തത്.
Three things cannot be long hidden: the sun, the moon, and the truth.
— Priyanka Gandhi Vadra (@priyankagandhi) July 3, 2021
- Lord Buddha #RafaleScam
റഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിരിക്കുന്നു. ഫ്രാന്‍സില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. ഇടപാടില്‍ അഴിമതിയുണ്ടായെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. അതിനാല്‍, സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി മുന്നോട്ടുവരണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കൂടിയ വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയതെന്ന് ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നത്.
റഫേല്‍ ജെറ്റുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കുന്നതിലെ അഴിമതി അന്വേഷിക്കുമെന്ന് ഫ്രാന്‍സിലെ നാഷനല്‍ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് അറിയിച്ചു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനാണ് ഈ ഫ്രഞ്ച് ജുഡീഷ്യല്‍ സ്ഥാപനം 2013 ഡിസംബറില്‍ രൂപീകരിച്ചത്. ഈ മാസം 19ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് വിഷയം ഉന്നയിക്കും. ഫ്രാന്‍സില്‍നിന്ന് 59,000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയ റഫേല്‍ കരാറിനെ ചൊല്ലിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വലിയ അഴിമതി ആരോപണങ്ങളുയര്‍ന്നത്.
നരേന്ദ്രമോദിക്കെതിരേയുള്ള പ്രധാന രാഷ്ട്രീയ ആയുധമായാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും റഫേല്‍ അഴിമതിയെ ഉപയോഗിച്ചത്. ഇന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധി വദ്രയും വിവാദത്തില്‍ ട്വീറ്റ് ചെയ്തു. 'മൂന്ന് കാര്യങ്ങള്‍ ദീര്‍ഘനേരം മറച്ചുവയ്ക്കാനാവില്ല: സൂര്യന്‍, ചന്ദ്രന്‍, സത്യം. ബുദ്ധന്‍,' പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം, രാഹുല്‍ ഗാന്ധി '#RafaleScam' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രധാനമന്ത്രിയെ നേരിട്ടത്. അതേസമയം, റഫേല്‍ ഇടപാടിനെതിരായ കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ ആക്രമണത്തെ നുണകളാണെന്ന് ബിജെപി വിശേഷിപ്പിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ടും സുപ്രിംകോടതി വിധിയുമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.