അമേരിക്കയുടെ 'സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി' ആസ്‌ത്രേലിയ സുരക്ഷാ കരാറില്‍നിന്നു പിന്‍വാങ്ങി; സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സ്
ബ്രിട്ടന്‍ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ആസ്‌ത്രേലിയ പിന്‍മാറിയതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്.
പാരിസ്: സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ കടുത്ത നടപടിയുമായി ഫ്രാന്‍സ്. അമേരിക്കയിലേയും ആസ്‌ത്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ചാണ് ഫ്രാന്‍സ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ബ്രിട്ടന്‍ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ആസ്‌ത്രേലിയ പിന്‍മാറിയതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വെസ് ലെ ഡ്രെയിന്‍ പറഞ്ഞു. അപൂര്‍വ്വമായ നടപടിയാണ് ഇതെന്നും എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യവശ്യമാണ് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നവരുടെ ത്രിരാഷ്ട്ര സഖ്യമായ ഓക്കസ് സെപ്റ്റംബര്‍ 15ന് നടത്തിയ പ്രസ്താവനകളാണ് തീരുമാനത്തിന് കാരണമെന്നും വിദേശകാര്യ മന്ത്രി പറയുന്നു.
ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ആസ്‌ത്രേലിയ-യുഎസ്-യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.
മേഖലയില്‍ ആസ്‌ത്രേലിയന്‍ നാവിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ യുഎസും, യുകെയും സമ്മതിച്ചത്. എന്നാല്‍ ഈ സാങ്കേതിക കൈമാറ്റം ഫ്രാന്‍സുമായി ആസ്‌ത്രേലിയ ഉണ്ടാക്കിയ 90 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറുകളെ ബാധിക്കും എന്നതിനാലാണ് ഫ്രാന്‍സ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
അമേരിക്ക ബ്രിട്ടന്‍ എന്നിവരില്‍ നിന്ന് ആണവ ശേഷിയുള്ള അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി തങ്ങളുമായുള്ള കരാര്‍ പിന്‍വലിച്ചത് നിരാശാജനകമാണെന്ന് ഫ്രാന്‍സ് പറയുന്നു. പുതിയ സഖ്യത്തെക്കുറിച്ച് മുന്‍കൂട്ടി ഫ്രാന്‍സിനെ അറിയിക്കാത്തതിലും ഫ്രാന്‍സിന് പ്രതിഷേധമുണ്ട്.
പിന്നില്‍ നിന്ന് കുത്തുന്നതിന് സമാനം എന്നാണ് ഓക്കസ് സഖ്യത്തെ ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ വീസ് ലീ ഡ്രിയന്‍ വിശേഷിപ്പിച്ചത്.
മറ്റു മേഖലകളില്‍ ആസ്‌ത്രേലിയയുമായി നടത്തുന്ന സഹകരണത്തെക്കുറിച്ചും പുനരാലോചിക്കേണ്ടിവരുമെന്നാണ് ഫ്രഞ്ച് നിലപാട്. ഫ്രാന്‍സിന്റെ നിലപാട് ഖേദകരമാണെന്നാണ് അമേരിക്ക പ്രതികരിച്ചത്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം അമേരിക്കയേയും ആസ്‌ത്രേലിയയേയും വിമര്‍ശിക്കുന്ന ഫ്രാന്‍സ് ബ്രിട്ടനെതിരെ മൗനം തുടരുകയാണ്. ഫ്രാന്‍സുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി മെരീസ് പെയ്ന്‍ പ്രതികരിച്ചു.