മുസ്‌ലിം സ്ത്രീക്ക് നേരേയുള്ള ഹിന്ദുത്വ വംശീയ പദ്ധതിക്ക് സര്‍ക്കാര്‍ ചൂട്ട് പിടിക്കുന്നു: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: ഹിന്ദുത്വ ഭരണകൂടത്തിന് എതിരേ ശബ്ദിക്കുന്ന നൂറോളം മുസ്‌ലിം സ്ത്രീകളെ ഉന്നം വെച്ചു കൊണ്ട് ഇപ്പോള്‍ വീണ്ടും പുറത്തു വന്നിരിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍, ലിംഗാധിഷ്ടിതമായ ഇസ്‌ലാമോഫോബിയയുടെയും മുസ്‌ലിം സ്ത്രീയ്ക്ക് നേരെയുള്ള ലൈംഗിക വല്‍ക്കരണത്തിന്റെയും കൃത്യമായ പ്രകടനങ്ങളാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിം സ്ത്രീകളെ ലേലവില്പനക്ക് വെക്കാനെന്ന രൂപേണ നേരത്തെ പ്രചരിച്ചിരുന്ന 'സുള്ളി ഡീല്‍സി'ന്റെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുറ്റവാളികള്‍ക്ക് നേരെയുള്ള പോലിസിന്റെയും ഭരണകൂട സ്ഥാപനങ്ങളുടെയും നിഷ്‌ക്രിയത്വം മുസ്‌ലിം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലുള്ള അവരുടെ ദയനീയമായ പരാജയം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
സര്‍ക്കാറിന്റെയും അതിന്റെ വിവിധ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടാവുന്ന ഈ അവഗണനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. മുസ്‌ലിം സ്ത്രീകളുടെ ഉയര്‍ച്ചകള്‍ ഇന്ത്യയിലെ വലതുപക്ഷ വിഭാഗങ്ങളെ എല്ലായ്‌പ്പോഴും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളെ നിശബ്ദമാക്കലാണ് കുറ്റവാളികളുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ നിരന്തരം തുടരുന്ന ഈ കാംപയിനെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായി അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ പോലീസും ഭരണകൂടവും തക്കതായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം പ്രവണതകള്‍ രാഷ്ട്രീയം സംസാരിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ പുതു സ്വാഭാവികതയായി മാറാന്‍ ഒരു നിലക്കും അനുവദിക്കുന്നതല്ല. ഈ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മുസ്‌ലിം സ്ത്രീകളുടെ നിശ്ചയ ദാര്‍ഢ്യത്തെ ഇല്ലായ്മ ചെയ്യാന്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ക്ക് സാധിക്കില്ല. വിദ്വേഷാക്രമണത്തിന് വിധേയരായിരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എല്ലാവിധ ഐക്യദാര്‍ഢ്യവും, കുറ്റവാളികള്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
പരാതിക്കാരായ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ആയിശ റെന്ന, പൗരത്വ പ്രക്ഷോഭ പോരാളി ലദീദ ഫര്‍സാന, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം നിദ പര്‍വീന്‍, നേതാക്കളായ ലുബൈബ് ബഷീര്‍, നുജൈം പി കെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.