പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് വഞ്ചനാപരവും വികലവുമായ നടപടി: ഇല്യാസ് തുംബെ
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് വഞ്ചനാപരവും വികലവുമായ നടപടിയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി ഡല്‍ഹി ബ്രാഞ്ചിലെ ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ പാര്‍ട്ടിയുടെ ഡ്രൈവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കിയതിന് അക്കൗണ്ട് മരവിപ്പിച്ചത് ഏറെ ആശ്ചര്യകരമാണ്. അതേസമയം, ഇതുവരെ ഒരു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല.
സ്വാഭാവിക നീതിയുടെ നഗ്‌നമായ ലംഘനമാണിത്. ബാങ്കിങ് നിയമങ്ങള്‍, ധാര്‍മികത, അച്ചടക്കം എന്നിവയെ പരിഹസിക്കുന്ന അധികാരികളുടെ വിവേകശൂന്യതയാണ് ഈ നടപടിയിലൂടെ വെളിവാകുന്നത്. ഒരു വ്യക്തിക്ക് ശമ്പളത്തിനോ ഇടപാടിനോ പണം നല്‍കിയാല്‍, പണമടയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കോ അന്വേഷണ ഏജന്‍സികള്‍ക്കോ എങ്ങെനെയാണ് ബ്ലോക്ക് ചെയ്യാനോ അറ്റാച്ച് ചെയ്യാനോ കഴിയുക. പണം സ്വീകരിക്കുന്നയാളുടെ പ്രവൃത്തികള്‍ക്ക് പണമടയ്ക്കുന്നയാള്‍ ഉത്തരവാദിയല്ല.
പേയ്‌മെന്റ് സ്വീകരിക്കുന്നയാളുടെ കുറ്റത്തിനോ ആരോപണത്തിനോ പണമടയ്ക്കുന്നയാള്‍ ഉത്തരവാദിയാണെങ്കില്‍, രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ വികലമായ നിയമം ബാധകമാക്കണം. ഒരു കുറ്റകൃത്യത്തിലോ അക്രമത്തിലോ ഏര്‍പ്പെട്ട ഒരാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതില്‍ യുക്തിയുണ്ട്. എന്നാല്‍, ഏജന്‍സികള്‍ ഭരണകൂടത്തിന്റെ താളത്തിനൊത്ത് തുള്ളുകയും പാര്‍ട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയുമായിരുന്നു. പ്രതികാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കുറ്റത്തിന് അന്വേഷണ ഏജന്‍സിയെ കോടതിയിലെത്തിക്കാന്‍ പാര്‍ട്ടി നിയമപോരാട്ടം നടത്തും.
ജനകീയ സമരങ്ങളില്‍ നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാമെന്ന മിഥ്യാധാരണയാണ് അക്കൗണ്ട് തടഞ്ഞതിലൂടെ അധികാരികള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മനുവാദികള്‍ക്കും ഫാഷിസ്റ്റ് ശക്തികള്‍ക്കുമെതിരായ അചഞ്ചലമായ പോരാട്ടത്തിന്റെ പേരിലാണ് എസ്ഡിപിഐയെ ലക്ഷ്യം വയ്ക്കാന്‍ ഭരണകൂടം ഏജന്‍സികളെ ഉപയോഗിക്കുന്നത്. എസ്ഡിപിഐ നിയമപോരാട്ടം തുടരുമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇല്യാസ് തുംബെ പറഞ്ഞു.