സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി യുഎസ് തിരികെ നല്‍കണമെന്ന് ഫ്രെഞ്ച് എംപി; തരില്ലെന്ന് വൈറ്റ്ഹൗസ്

Update: 2025-03-18 03:47 GMT

പാരിസ്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി യുഎസില്‍ നിന്നും തിരികെ വാങ്ങണമെന്ന ആവശ്യം ഫ്രാന്‍സില്‍ ശക്തമാവുന്നു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം യുഎസിന്റെ വിദേശനയം വളരെ മോശമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രെഞ്ചുകാര്‍ പ്രതിമ തിരികെ ആവശ്യപ്പെടുന്നത്. ഇടതുപക്ഷ പാര്‍ട്ടിയായ പ്ലേസ് പബ്ലിക്ക് പാര്‍ട്ടിയില്‍ നിന്നുള്ള എംപിയായ റാഫേല്‍ ഗ്ലൂക്ക്‌സ്മാനാണ് പ്രതിമ തിരികെ വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്.


മാര്‍ച്ച് 16ന് നടന്ന കണ്‍വെന്‍ഷനിലാണ് റാഫേല്‍ ആ ആവശ്യം ഇന്നയിച്ചത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് പ്രതിമയെന്നും ഇപ്പോള്‍ യുഎസിന് പ്രതിമയുടെ ആവശ്യമില്ലെന്നും റാഫേല്‍ പറഞ്ഞു. യുഎസ് സര്‍ക്കാര്‍ ഏകാധിപതികളുടെ പക്ഷം ചേര്‍ന്നിരിക്കുകയാണെന്നും സ്വാതന്ത്ര്യ പ്രതിമയെ പുഛിക്കുന്ന നിലപാടാണ് ഇതെന്നും റാഫേല്‍ ഗ്ലുക്ക്‌സ്മാന്‍ കുറ്റപ്പെടുത്തി.

''ഞങ്ങള്‍ അവളെ നിങ്ങള്‍ക്ക് സമ്മാനമായി നല്‍കിയതാണ്. പക്ഷേ, നിങ്ങള്‍ ഇപ്പോള്‍ അവളെ പ്രത്യക്ഷത്തില്‍ പുഛിക്കുകയാണ്. അവള്‍ ഞങ്ങളോടൊപ്പം ഇവിടെ സന്തോഷമായി ജീവിക്കും. സ്വതന്ത്രമായി ശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ജനക്കൂട്ടത്തിന് വീട് വാഗ്ദാനം ചെയ്ത പന്തം പിടിച്ച ശക്തയായ സ്ത്രീയാണ് അവള്‍.''-റാഫേല്‍ ഗ്ലുക്ക്‌സ്മാന്‍ പറഞ്ഞു.

അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, 1886 ഒക്ടോബര്‍ 28നാണ് ന്യൂയോര്‍ക്ക് ഹാര്‍ബറിലെ ദ്വീപില്‍ പ്രതിമ അനാഛാദനം ചെയ്തത്.


ഫ്രെഞ്ചുകാരനായ ഫ്രെഡറിക് അഗസ്‌റ്റെ ബാര്‍ത്തോള്‍ഡി രൂപകല്‍പ്പന ചെയ്ത ഈ പ്രതിമ 350 കഷ്ണങ്ങളായാണ് ഫ്രാന്‍സില്‍ നിന്നും യുഎസില്‍ എത്തിച്ചത്. സ്വാതന്ത്ര്യം നേടിയ അമേരിക്കന്‍ ജനതയ്ക്കുള്ള സമ്മാനമായാണ് പ്രതിമ നല്‍കിയത്. കൂടാതെ ഇതിന്റെ ചെറിയൊരു പകര്‍പ്പ് ഫ്രാന്‍സിലെ സീന്‍ നദിയില്‍ സ്ഥാപിക്കുകയും ചെയ്തു.


എന്നാല്‍, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി തിരികെ നല്‍കില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. പ്രതിമയുമായി വേര്‍പിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. ''ഫ്രാന്‍സിലെ താഴ്ന്ന തലത്തിലുള്ള ഒരാളാണ് പ്രതിമ തിരികെ ചോദിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ യുഎസ് ഇടപെട്ടതു കൊണ്ടുമാത്രമാണ് ഫ്രെഞ്ചുകാര്‍ ഇപ്പോള്‍ ജര്‍മന്‍ സംസാരിക്കാത്തത്. അതിനാല്‍ ഫ്രെഞ്ചുകാര്‍ നന്ദിയുള്ളവരായിരിക്കണം.''-രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മനിയെ പരാജയപ്പെടുത്തിയത് പരാമര്‍ശിച്ച് കരോലിന്‍ ലീവിറ്റ് പറഞ്ഞു. എന്നാല്‍, 1776ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ അമേരിക്കക്കാരെ ഫ്രെഞ്ചുകാര്‍ സഹായിച്ച കാര്യം കരോലിന്‍ ലീവിറ്റ് മറച്ചുവെച്ചു.

Similar News